തിരുവല്ല: ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തന്നതില് ദേവസ്വം ബോര്‍ഡിന് ആശങ്ക. നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്ന 30 ന് വൈകിട്ടാണ് ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുന്നത്. നിയന്ത്രണങ്ങള്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.രാത്രിയില്‍ യാത്രകള്‍ക്ക് നിയന്ത്രണം വരുമെന്നതിനാല്‍ തീര്‍ത്ഥാടകരുടെ രാത്രി യാത്രയെ ബാധിക്കുമെന്നും ആശങ്കയുണ്ട്.കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രിയിലും ഉണ്ടാകുമോ എന്ന കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത വരുത്തേണ്ടിയിരിക്കുന്നു.
കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മണ്ഡലകാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി നീക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഭക്തജന സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.പമ്പയില്‍ നിന്നുള്ള പരമ്പരാഗത പാത തുറന്നതും കാനനപാത തുറക്കാന്‍ പോകുന്നതും ഭക്തരുടെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്. 31 മുതലാണ് എരുമേലി വഴിയുള്ള കാനന പാതയിലൂടെയുള്ള ഭക്തരുടെ പ്രവേശനം. നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഭക്തരുടെ വരവും വര്‍ദ്ധിച്ചു. ഇതിനെ തുടര്‍ന്ന് അവശേഷിക്കുന്ന നിയന്ത്രണങ്ങള്‍ കൂടി നീക്കണമെന്ന ആവശ്യമാണ് ദേവസ്വം ബോര്‍ഡ് ഉന്നയിക്കുന്നത്. പുല്ലുമേട് പാത തുറന്ന് കൊടുക്കണമെന്നും വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സാധ്യതയില്ല. മണ്ഡലകാലത്ത് അനുവദിച്ച ഇളവുകള്‍ അതേ പടി മകരവിളക്ക് കാലത്തും തുടര്‍ന്നേക്കുമെന്നാണ് ദേവസ്വംബോര്‍ഡ് അധികൃതര്‍ നല്കുന്ന സൂചന.
മണ്ഡലകാല തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ 78.92 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്ത് ലഭിച്ചത് എട്ട് കോടി രൂപയായിരുന്നു. നിയന്ത്രണങ്ങളില്ലാതിരുന്ന 2019ല്‍ 156 കോടി രൂപയാണ് മണ്ഡലകാലത്ത് ലഭിച്ചത്. അതിന്റെ പകുതി ഇത്തവണ ലഭിച്ചുകഴിഞ്ഞു. അരവണ വിറ്റതിലൂടെ 31 കോടിയും കാണിക്കയായി 29 കോടി രൂപയും അപ്പം വിറ്റതിലൂടെ 3.52 കോടി രൂപയുമാണ് ലഭിച്ചത്. ഡിസംബര്‍ 25 വരെയുള്ള കണക്കാണിത്.ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 10.35 ലക്ഷംപേര്‍ ഇതിനകം അയപ്പദര്ശനം നടത്തി.ഇതര സംസ്ഥാനങ്ങളില്‍ നിന്നും അയ്യപ്പന്മാരുടെ വരവ് കൂടിയിരുന്നു. തീര്‍ത്ഥാടകരുടെ വരവും നടവരുമാനം വര്‍ദ്ധിച്ചതും ആശ്വാസമായെന്ന് ദേവസ്വംബോര്‍ഡ് വിലയിരുത്തുമ്പോഴാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജനുവരി 2 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നീണ്ടാല്‍ തീര്‍ത്ഥാടകരുടെ വരവിന് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: