കല്‍പ്പറ്റ: അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്ക്കനെ പെണ്മക്കള് കോടാലി കൊണ്ടു വെട്ടിക്കൊന്നു. മൃതദേഹം ചാക്കിലാക്കി പൊട്ടക്കിണറ്റില്‍ തള്ളി. വലതുകാല്‍ മുറിച്ചുമാറ്റി കുപ്പത്തൊട്ടിയില്‍ എറിഞ്ഞു. ഒടുവില്‍ അമ്മയും മക്കളും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
അമ്പലവയല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ആയിരംകൊല്ലിയില്‍ ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. ആയിരംകൊല്ലി മണ്ണില്‍തൊടിക മുഹമ്മദാണ് (65) കൊല്ലപ്പെട്ടത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അമ്മയും മക്കളും അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരെ ജുവനൈല്‍ ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അമ്മ പോലീസ് കസ്റ്റഡിയിലാണ്. മുഹമ്മദ് ഇടയ്ക്കിടെ വീട്ടിലെത്തി ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. മുഹമ്മദിന് അമ്പലവയലിലും മലപ്പുറത്തും ഭാര്യമാര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ നല്കിയ വിവര പ്രകാരം പോലീസ് എത്തി കിണറ്റില്‍ നിന്നു മൃതദേഹം കണ്ടെടുത്തു.
അമ്പലവയല്‍ ടൗണിനടുത്തുള്ള മട്ടം എന്ന സ്ഥലത്തു നിന്നും വലതുകാലും പോലീസ് കണ്ടെടുത്തു. പെണ്‍കുട്ടികളും ഒരു സഹോദരനും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ആയിരംകൊല്ലിയില്‍ കുറച്ചുനാള്‍ മുമ്പാണ് താമസമാക്കിയത്. അതിനിടെ മകനും ഭര്‍ത്താവും നീലഗിരി ജില്ലയിലേക്ക് പോയി. പെണ്‍കുട്ടികളും അമ്മയും ചെറിയ ഒരു ഷെഡ്ഡിലാണ് താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: