തിരുവനന്തപുരം: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമാസക്തരായതോടെ ഇരുട്ടില്‍ തപ്പി പോലീസ്. നടപടികളെടുക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകളില്ല. വരുന്നതും പോകുന്നതും ആരെന്നുപോലും അറിയില്ല.
തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ തൊഴിലുടമകള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അന്ന് ഏതാനും സ്റ്റേഷനുകളില്‍ മാത്രമാണ് കുറച്ചെങ്കിലും രജിസ്ട്രേഷന് നടന്നത്. 2013 ല്‍ ഗുലാത്തി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ നടത്തിയ പഠനത്തില്‍ കേരളത്തിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 23 ലക്ഷം ആണെന്ന് വ്യക്തമാക്കിയിരുന്നു.
ഇത് ഇപ്പോള്‍ 30 മുതല്‍ 50 ലക്ഷം വരെ എത്തിയേക്കാം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ തൊഴില്‍ വകുപ്പിലെ ആവാസ് രജിസ്ട്രേഷന്, നിര്‍മാണ തൊഴിലാളികളുടെ രജിസ്ട്രേഷന് എന്നിവയില്‍ ഉള്ളത് 5.4 ലക്ഷം മാത്രമാണ്. ശേഷിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ കയ്യിലില്ല. പെട്ടിക്കടകളില്‍പോലും ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന് നിരവധി തവണ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് എടുത്ത ഏകദേശ കണക്ക് മാത്രമാണ് ഇപ്പോഴുമുള്ളത്. ഇതില്‍ നിന്നും നിരവധി പേര് മടങ്ങിപ്പോവുകയും പുതുതായി എത്തുകയും ചെയ്തു. അതിനാല്‍ ആ കണക്കുകൊണ്ടും പ്രയോജനമില്ലെന്ന് പോലീസ് പറയുന്നു.
തീവ്രവാദികളും സ്ഥിരം കുറ്റവാളികളുമടക്കം നിരവധി പേര് ഇവര്‍ക്കിടയില്‍ ഒളിവില്‍ കഴിയുന്നുണ്ട്. മൂന്ന് അല്‍ഖൈ്വദ ഭീകരര്‍ ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിടിയിലായിരുന്നു. മാവോയിസ്റ്റ് നേതാവിനെ പിടികൂടിയതും ഇവര്‍ക്കിടയില്‍ നിന്നാണ്. സ്വര്‍ണം, കഞ്ചാവ് കടത്ത്, ലഹരിക്കടത്ത്, കൊലപാതകകേസിലെ പ്രതികള്‍ നിരവധി. ജിഷകൊലക്കേസ് അടക്കം മൂന്ന് പ്രതികള്‍ വധശിക്ഷ കാത്ത് വിവിധ ജയിലുകളിലുണ്ട്.
ആദ്യ ആക്രമണം പേട്ടയില്‍
ആദ്യമായല്ല ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിക്കുന്നത്. 2020 മെയ് 11 ന് തിരുവനന്തപുരം പേട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പോലീസിനെ അക്രമിച്ചു.
ആക്രമണത്തില്‍ പേട്ട സിഐ ഗിരിലാല്‍, ഡ്രൈവര്‍ ദീപു, ഹോം ഗാര്‍ഡ് അശോകന് എന്നിവര്‍ക്ക് പരിക്കേറ്റു. നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഘര്‍ഷത്തില്‍ 750ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. എസ്എപി ക്യാമ്പില്‍ നിന്ന് പോലീസ് സംഘം എത്തിയ ശേഷമാണ് അക്രമം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: