ന്യൂദല്‍ഹി: രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്കും ഒരു ഗുളികക്കും അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കൊര്‍ബിവാക്‌സ്, കൊവോവാക്‌സിന്‍ എന്നിവയാണ് ഡ്രഗ് റെഗുലേറ്റര്‍ സിഡിഎസ്സിഒ അംഗീകരിച്ച ഏറ്റവും പുതിയ രണ്ട് വാക്‌സിനുകള്‍. ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിര്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്‌സിഒ) കോവിഡ്19 സംബന്ധിച്ച വിഷയ വിദഗ്ധ സമിതി (എസ്ഇസി) കോവിഡ്19 വാക്‌സിനുകള്‍ കോവോവാക്‌സിന് അടിയന്തര ഉപയോഗ അംഗീകാരം (ഇയുഎ) നല്‍കാന്‍ ശുപാര്‍ശ ചെയ്തതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ പ്രഖ്യാപനം. ചില നിബന്ധനകളോടെ കോര്‍ബെവാക്‌സും ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ്19 ബാധിച്ച മുതിര്‍ന്ന രോഗികളുടെ ചികിത്സയ്‌ക്കായി മൊള്‍നുപിരാവിര്‍ എന്ന മരുന്നിന് നിയന്ത്രിത അടിയന്തര ഉപയോഗ അനുമതി നല്‍കാനും ശുപാര്‍ശ ചെയ്തിരുന്നു.
ഈ അംഗീകാരത്തോടെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ച കൊവിഡ് വാക്‌സിനുകളുടെ എണ്ണം എട്ടായി. ഇതുവരെ ആറ് കോവിഡ്19 വാക്‌സിനുകള്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സൈഡസ് കാഡിലയുടെ സൈകോവിഡി, റഷ്യയുടെ സ്പുട്‌നിക് വി, യുഎസ് നിര്‍മ്മിത മോഡേണ ആന്‍ഡ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്‌ക്കും ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: