ഭോപ്പാല്‍: ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രലോഭിപ്പിച്ചെന്ന് ആരോപണം. കത്തോലിക്കാ പുരോഹിതനും ഒരു പാസ്റ്ററും ഉള്‍പ്പെടെ മൂന്ന് പേരെ മധ്യപ്രദേശ് മതനിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബുവ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പ്രതികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റും ചെയ്തു.
തെതിയ ബാരിയ എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കല്യാണ്‍പുര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മിഷനറിമാരുടെ നേതൃത്വത്തിലുള്ള സ്കൂളുകളിലും ആശുപത്രികളിലും സൗജന്യ വിദ്യാഭ്യാസവും ചികില്‍സയും വാഗ്ദാനം ചെയ്ത് ഫാദര്‍ ജാം സിങ് ദിന്‍ഡോറും പാസ്റ്റര്‍ അന്‍സിങ് നിനാമയും, മംഗു മെഹ്താബ് ഭൂരിയ എന്നയാളും ആദിവാസി ഗ്രാമീണരെ ക്രിസ്ത്യന്‍ മതത്തിലേക്ക് ആകര്‍ഷിച്ചുവെന്ന് പരാതിക്കാരന് ആരൊപിച്ചു.
ഡിസംബര്‍ 26 ന് രാവിലെ 8 മണിക്ക് പ്രാര്‍ത്ഥനാ മുറിയിലേക്ക് ഫാദര്‍ ജാം സിങ് എല്ലാവരെയും വിളിച്ച് വരുത്തി. അതിനുശേഷം മതപരിവര്‍ത്തനത്തിനായി വിളിച്ച പ്രതിവാര മീറ്റിങ്ങില്‍ ഇവരെ കൊണ്ട് ഇരുത്തുകയും ദേഹത്ത് വെള്ളം തളിച്ച് ബൈബിള്‍ വായിക്കുകയും ചെയ്തുവെന്നാണ് തന്റെ രേഖാമൂലമുള്ള പരാതിയില്‍ ബരിയ പറഞ്ഞത്. മതപരിവര്‍ത്തന വിരുദ്ധ നിയമം എന്നറിയപ്പെടുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 പ്രകാരമാണ് ഇവര്‍ മൂന്ന് പേര്‍ക്കെതിരേയും കേസെടുത്തിരിക്കുന്നതെന്ന് കല്യാണ്‍പുര പോലിസ് സ്റ്റേഷന്റെ ചുമതലയുള്ള ദിനേശ് റാവത്ത് പിടിഐയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: