ന്യൂദല്‍ഹി: ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാനുള്ള ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി (ജെഎന്‍യു) നീക്കത്തെ എതിര്‍ത്ത് ദേശീയ മനുഷ്യാവകാശകമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ. ഈ നീക്കം പുരുഷമേധാവിത്വപരമാണെന്ന് രേഖാ ശര്‍മ്മ ആരോപിച്ചു.
ഇരയെ കൗണ്‍സില്‍ ചെയ്യുകയല്ല, പകരം പീഡകരെയാണ് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കേണ്ടതെന്നും രേഖ ശര്‍മ്മ പറഞ്ഞു. ജെഎന്‍യുവിലെ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി ( ഐസിസി)യാണ് ലൈംഗികപീഢനത്തിന് ഇരയാവുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ആണ്‍സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന്റെ അതിര്‍വരമ്പ് പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതാണ്,’ എന്ന സര്‍ക്കുലറിലെ വാചകമാണ് വിവാദമായത്.
‘എന്തുകൊണ്ട് എല്ലാ പാഠങ്ങളും പെണ്‍കുട്ടികള്‍ക്ക് മാത്രം നല്‍കുന്നത്? ഇനി ഇരകളെയല്ല, പീഢകരെ പഠിപ്പിക്കാനുള്ള സമയമാണിത്. ജെഎന്‍യുവിന്റെ പുരുഷമേധാവിത്വപരമായ സര്‍ക്കുലര്‍ പിന്‍വലിക്കണം. ഇന്റേണല്‍ കമ്മിറ്റിക്ക് ഇരയ്ക്ക് അനുകൂലമായ സമീപനം ഉണ്ടായിരിക്കണം,’ – രേഖാ ശര്‍മ്മ ട്വിറ്ററില്‍ പ്രതികരിച്ചു.
ജെഎന്‍യുവിന്റെ ഈ സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും തിര്പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ലൈംഗികപീഢനമെന്ന വിഷയത്തെ വളരെ ലാഘവത്തോടെ സര്‍വ്വകലാശാല കണ്ടു എന്നതാണ് ഇതിനെതിരെ ഉയരുന്ന മറ്റൊരു വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: