ചങ്ങനാശേരി ഈസ്റ്റ്: ഇന്ന് കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോകുന്നു എന്ന് പറയുന്നതുപോലെ പ്രാധാന്യമുള്ള വിഷയമായിരുന്നു പണ്ടൊക്കെ ടൈപ്പ്‌റൈറ്റിങ് പഠനം. അന്ന് പത്ത് കഴിഞ്ഞ് ടൈപ്പ്‌റൈറ്റിങ് ലോവറും ഹയറും പാസായി ഷോര്‍ട്ട്ഹാന്റും പാസായാല്‍ ജോലി ഉറപ്പെന്ന ഒരു സാഹചര്യംവരെ ഒരുകാലത്ത് നിലനിന്നിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍യുഗം വന്നതോടെ ടൈപ്പ്‌റൈറ്റിങ് വഴിമാറി.
വലിയ ഹാളുകളില്‍ ഡസന്‍കണക്കിന് ടൈപ്പ്‌റൈറ്റിങ് മെഷീന്‍ ഉയയോഗിച്ച് നടത്തിയിരുന്ന സെന്ററുകള്‍ എല്ലാം പൂട്ടി. ചിലത് കമ്പ്യൂട്ടര്‍ സെന്ററുകളുമായി. എന്നാല്‍ കാലം ഏറെ പിന്നിട്ടിട്ടും ചങ്ങനാശ്ശേരി പെരുന്നയിലെ നേതാജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഗ്രഹാതുരത്വം ഉണരുന്ന ആ ശബ്ദം കേള്‍ക്കാം.
1965ലാണ് പെരുന്നയില്‍ നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ചങ്ങനാശേരിക്ക് പുറത്തുനിന്നുള്ളവര്‍പോലും ഒരുകാലത്ത് ടൈപ്പ്‌റൈറ്റിങ് പഠിക്കാന്‍ നേതാജിയിലെത്തുമായിരുന്നു. പി.കെ. വാസുദേവന്‍ നായരാണ് ആദ്യം ഈ സ്ഥാപനം തുടങ്ങിയത്. ഇദ്ദേഹത്തിന്റെ മരണശേഷം മകന്‍ സുഭാഷ് പൂര്‍ണ്ണമായും ഈ സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു.
1990ല്‍ കമ്പ്യൂട്ടറിന്റെ വരവോടെ ടൈപ്പ്‌റൈറ്റിങിന്റെ പ്രാധാന്യം കുറഞ്ഞെങ്കിലും ഇപ്പോഴും സ്ഥാപനം നടത്തുന്നുണ്ട്. പഴയതു പോലെ ഇപ്പോള്‍ പഠിക്കാന്‍ കുട്ടികള്‍ ഇല്ലായെങ്കിലും പിഎസ്സി ടൈപ്പിസ്റ്റ് പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളും വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവരും ഇവിടെ വന്ന് ടൈപ്പ്‌റൈറ്റിങ് പഠിക്കുന്നുണ്ട്.
രാവിലെ 9 മുതല്‍ വൈകിട്ട് 7.30 വരെയാണ് ക്ലാസ് സമയം. ഒരു മണിക്കൂര്‍ വീതമാണ് പഠിക്കുന്നതിന് സമയം നല്കുന്നത്. വലിയ ഫീസും സുഭാഷ് ഈടാക്കാറില്ല. കൊവിഡ് മഹാമാരിയില്‍ സ്ഥാപനം അടച്ചിടേണ്ടിവന്നെങ്കിലും വീണ്ടും ഇപ്പോള്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. ടൈപ്പ്‌റൈറ്റര്‍ മെക്കാനിക്കിന്റെ അഭാവവും റിബണ്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് മുതലായവയവ ലഭിക്കാത്തതും പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്. കമ്പ്യൂട്ടര്‍ എത്ര വന്നാലും ടൈപ്പ്‌റൈറ്റിങ് സ്ഥാപനം നിര്‍ത്തില്ലെന്ന് വി. സുഭാഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: