അടൂര്‍ : സംസ്ഥാന പോലീസിന്റെ പല പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ അവമതിപ്പുളവാക്കുന്ന നിലയിലേക്ക് എത്തിച്ചെന്ന് രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ട ജില്ലാ സമ്മേളനം. ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന മതിപ്പോ തൃപ്തിയോ ആറ് മാസം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന് ഉണ്ടാക്കാനായിട്ടില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ ദിവസമാണ് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായത്.
സംസ്ഥാന പോലീസിന് ആര്‍എസ്എസിന്റെ സ്വാധീനമുണ്ട്. ശബരിമല വിവാദത്തില്‍ ഇത് തെൡഞ്ഞിട്ടുണ്ടെന്നും ജില്ലാ സമ്മേളനത്തില്‍ ആരോപിച്ചു. പോലീസ് സേനയിലും സിവില്‍ സര്‍വീസിലും ആര്‍എസ്എസിന്റെ കടന്നുകയറ്റമുണ്ട്. പോലീസിലും ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തേണ്ടതുണ്ട്. പാര്‍ട്ടിയും ഇക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തേണ്ടതുണ്ടെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നന്ദിഗ്രാം, ബംഗാള്‍ അനുഭവങ്ങള്‍ മറക്കരുത് എന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഒന്ന്. പരിസ്ഥിതി വിഷയങ്ങളില്‍ മുതലാളിത്ത സമീപനമാണ് പാര്‍ട്ടിക്കെന്നും വിമര്‍ശനമുയര്‍ന്നു.
ദേവസ്വം ബോര്‍ഡിലേക്ക് പാര്‍ട്ടി നേതാക്കളെ നിയമിച്ചതിലും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശബരിമലയിലെത്തി ചില പാര്‍ട്ടി നേതാക്കള്‍ കുമ്പിടുന്നത് നാട്ടുകാരെ കബളിപ്പിക്കാനാണെന്നും അംഗങ്ങള്‍ പറയുകയുണ്ടായി.
ചരിത്രം ഏല്‍പ്പിച്ച ഈ ചുമതല എങ്ങനെ നിര്‍വഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രാജ്യത്ത് ഇടതുപക്ഷത്തിന്റെ ഭാവി. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി റഷ്യയേയോ ചൈനയെയോ മാതൃകയാക്കാനാവില്ല. അവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ബദല്‍ ശക്തിയാവാനായി പുതുവഴി സ്വയം വെട്ടിത്തെളിക്കണമെന്നും. അടൂരില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ മികവാണ് തുടര്‍ഭരണം സാധ്യമാക്കിയത്. രാജ്യത്ത് അരങ്ങേറിയ കര്‍ഷക സമരം വലിയ സന്ദേശമാണ് പകരുന്നത്. നിശ്ചയദാര്‍ഢ്യത്തോടെ ചെറുക്കാന്‍ തയ്യാറായാല്‍ ജനവിരുദ്ധ നയങ്ങളെ കീഴ്പെടുത്താനാവും. ഇടതു പ്രസ്ഥാനങ്ങള്‍ കരുത്ത് ആര്‍ജിച്ചാല്‍ മാത്രമേ ജനദ്രോഹ നയങ്ങളെ തിരുത്തിക്കാന്‍ കഴിയൂ.
പോലീസ് സ്റ്റേറ്റ് ആക്കി രാജ്യത്തെ മാറ്റാനാണ് ശ്രമം നടക്കുന്നത്. ജനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമെല്ലാം എതിരാളികള്‍ക്ക് എതിരേയുള്ള രാഷ്ട്രീയ ഉപകരണമായി മാറിയെന്നും വിമര്‍ശിച്ചു.
അതേസമയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സമ്മേളനത്തില്‍ പ്രശംസയുമുണ്ടായി. റിയാസ് മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കൂടാതെ വിവാഹ പ്രായം 18 വയസാക്കുന്നതിനെ പാര്‍ട്ടി പിന്തുണക്കുന്നത് സ്ത്രീകള്‍ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോള്‍ ഈ നിലപാട് തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.
പത്തനംതിട്ടയിലെ സിപിഐ നേതൃത്വം ശത്രുത മനോഭാവത്തോടെയാണ് സിപിഎമ്മിനെ കാണുന്നതെന്ന് അഭിപ്രായം ഉയര്‍ന്നു. അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എങ്ങനെയാണ് ജയിച്ചത് എന്ന് സിപിഐ ഓര്‍ക്കണമെന്നും വിമര്‍ശനം ഉണ്ടായി. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ അവശിഷ്ടം നിലനില്ക്കുന്നുവെന്ന സംഘടന റിപ്പോര്‍ട്ടിനും ജില്ലാ സമ്മേളനത്തില്‍ മറുപടി ഉണ്ടായി. വിഭാഗീയത നിലനില്‍ക്കുന്ന ഏരിയ കമ്മിറ്റികളില്‍ അത് പരിഹരിക്കാന്‍ ഉപരി കമ്മിറ്റി എന്ത് ചെയ്തുവെന്ന് പ്രതിനിധികള്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: