കോട്ടയം: നഗരം അക്രമികളുടെയും ഗുണ്ടാസംഘങ്ങളുടെയും പിടിയില്‍ അമര്‍ന്നിട്ട് മാസങ്ങള്‍ പിന്നിടുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി സംഭവങ്ങളാണ് നഗരമദ്ധ്യത്തില്‍ ഉണ്ടായത്.
കോടിമതയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതും, തിരുനക്കരയില്‍ നടന്ന കൊലപാതകവും എല്ലാം നടന്നിട്ടും പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുവാന്‍ നിയമപാലകര്‍ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ തിരുനക്കര മൈതാനത്തിനു പിന്‍വശം ഗുണ്ടാ ആക്രമണവും നടന്നു. തിരുനക്കര മൈതാനത്തന്റെ പിന്‍വശത്ത് ശൗചാലയത്തിനു സമീപം ടെന്റ് കെട്ടി താമസിക്കുന്ന ബാബു എന്നയാള്‍ ഭാര്യയെ മര്‍ദ്ദിക്കുന്നതു കണ്ട് തടസ്സം പറയാന്‍ ചെന്നയാളെ ഇയാള്‍ മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും താമസിച്ചാണ് എത്തിയതെന്ന പരാതിയും ഉണ്ട്. മാത്രമല്ല, അക്രമിയെ പിടികൂടുവാന്‍ രണ്ടു പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നും നാട്ടുകാര്‍ പറയുന്നു. അക്രമി മാരകായുധങ്ങളുമായി പോലീസിനെ ആക്രമിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ബാബു എന്ന അക്രമി ഇവിടെ ടെന്റ് കെട്ടി താമസിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ഇയാളെ ഇവിടെ നിന്നും മാറ്റുവാന്‍ നഗരസഭയും തയ്യാറാകുന്നില്ല. തിരുനക്കര മൈതാനത്തെ സംഭവത്തിന് പിന്നാലെ അന്നുതന്നെ തിരുനക്കര ക്ഷേത്രക്കുളത്തിന്റെ സമീപത്ത് കഞ്ചാവ് മാഫിയകള്‍ തമ്മില്‍ തല്ലുകൂടുകയും ഒരാളെ കരിങ്കല്ലിനിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
തിരുനക്കരയില്‍ എത്തുന്ന അയ്യപ്പന്മാര്ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് നിര്‍മ്മിച്ചിട്ടുള്ള ശുചി മുറിയുടെ പരിസരത്താണ് സംഭവം നടന്നത്. ഇവിടം കഞ്ചാവ് മാഫിയയുടെ കേന്ദ്രമാണ്. അക്രമികളുടെയും മാഫിയകളുടെയും ശല്യം ഉണ്ടാകുമെന്നു ഭയന്ന് ഈ ശൗചാലയത്തിലേയ്ക്ക് ആരും തന്നെ പോകാറുമില്ല. ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ശുചി മുറി പ്രവര്‍ത്തിക്കുന്നത്. ഇവിടെ പ്രത്യേകിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുമില്ല.
കെഎസ്ആര്‍ടിസി, നാഗമ്പടം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡുകള്‍ അനാശാസ്യക്കാരുടെയും പിടിച്ചുപറിക്കാരുടെയും വിഹാരകേന്ദ്രം. കൊലപാതക ശ്രമങ്ങള്‍ ഉള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളാണ് നാഗമ്പടം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്. കാല്‍നടക്കാരെ ലക്ഷ്യമിട്ട് അക്രമികള്‍ വഴിയരികിലും മറ്റും തമ്പടിക്കുന്നതും പതിവാണ്. ബസ് സ്റ്റാന്‍ഡുകളിലെ വിശ്രമമുറികള്‍ കേന്ദ്രീകരിച്ചാണ് അനാശാസ്യക്കാരുടെ പ്രവര്‍ത്തനം. പോലീസിന്റെ സാന്നിദ്ധ്യമുണ്ടാകുമ്പോള്‍ ഇവര്‍ ഇവിടെ നിന്നും തന്ത്രപൂര്‍വ്വം മുങ്ങുകയാണു പതിവ്. നഗരത്തില്‍ പുളിമൂടു കവലയ്ക്കു സമീപം വച്ച് പട്ടാപ്പകല്‍ സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചതും ചര്‍ച്ചാ വിഷയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: