കൊല്ലം: കൊവിഡ് മരണ കണക്ക് കുറച്ചു കാണിക്കാന്‍ പലമരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് നിരവധി കുടുംബങ്ങള്‍ക്കു തിരിച്ചടിയായി. കൊവിഡ് മരണപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേരുകള്‍ ഇപ്പോഴാണ് ഓരോന്നായി പുറത്തുവരുന്നത്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇടത് അനുഭാവികളായ ഉദ്യോഗസ്ഥര്‍ പലമരണങ്ങളും കൊവിഡ് മരണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കൊവിഡ് ചികിത്സയിലിരിക്കെ 2020 സപ്തംബറില്‍ മരണപ്പെട്ട എഴുകോണ്‍ ശശിഭവനത്തില്‍ എല്‍. ശശിയുടെ മരണം ഇതുവരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
എഴുകോണ്‍ വിഎസ്വിഎച്ച്എസ്എസിലെ റിട്ട.ജീവനക്കാരനായിരുന്നു ശശി. ഹൃദ്രോഗിയായ ഇയാള്‍ 2020 സപ്തംബര്‍ 24ന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് വാഹനം ഓടിച്ച് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിശോധനയില്‍ കൊവിഡ് ബാധിതനാണെന്ന് കണ്ടതിനെതുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അഡ്മിറ്റാണെന്നും കൊവിഡ് പോസിറ്റീവാണെന്നും 14 ദിവസത്തിനുശേഷം മാത്രമെ ഡിസ്ചാര്ജാകുവെന്നും ജില്ലാ ആശുപത്രിയില്‍ നിന്നും ബന്ധുക്കളെ അറിയിച്ചു.
കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കാത്തതിനാല്‍ ഹൃദ്രോഗത്തിനുള്ള മരുന്നും ഭക്ഷണവും ആശുപത്രിയില്‍ എത്തി ബന്ധുക്കള്‍ കൈമാറി. എന്നാല്‍ അന്നുരാത്രി തന്നെ ശശി മരിച്ചു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യപ്രവര്‍ത്തകരാണ് പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചത്.
വീട്ടുകാര്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പോലും അനുവാദമില്ലായിരുന്നു. വളരെദൂരെ നിന്ന് മാത്രമെ മൃതദേഹം കാണാന്‍ പോലും സാധിച്ചുള്ളു. കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി മകന് ആരോഗ്യവകുപ്പിനെ സമീപിച്ചപ്പോഴാണ് മരണം കൊവിഡ് മരണപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന വിവരം അറിയുന്നത്. ശശിയുടെ മരണം കൊവിഡ് പട്ടികയില്‍ പെടുത്താത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് മകന് ആരോപിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിവരാവകാശം വഴി നല്കിയ മറുപടിയിലും ശശിയുടെ മരണം കൊവിഡ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ശശിയുടെ മകന് എസ്. ധനരാജ് ഇതിനെതിരെ കളക്ടര്‍ക്കു പരാതി നല്‍കിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. ഇനിയും നടപടിയുണ്ടായില്ല. നീതിക്കുവേണ്ടി നിയമനടപടികളിലേക്ക് നീങ്ങുകയാണ് ധനരാജ്.
വിശദമായ കൊവിഡ് മരണപ്പട്ടിക പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടും നിരവധി പേരാണ് ഇപ്പോഴും ആ പട്ടികയില്‍ ഉള്‍പ്പെടാത്തത്. കൊവിഡ് ബാധിച്ച് നെഗറ്റീവായി മുപ്പത് ദിവസത്തിനകം മരിച്ചവരുടെ പേരുപോലും പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് ഇത്തരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്.
ശശിയെപ്പോലെ നിരവധിപേരാണ് കൊവിഡ് മരണപ്പട്ടികയില്‍നിന്ന് പുറത്തായിരിക്കുന്നത്. ഇവരില്‍ പലരും ഓരോ കുടംബങ്ങളുടെയും ആശ്രയമായിരുന്നവരാണ്. പല കുടുംബങ്ങളും ഇപ്പോള്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുകയാണ്. അവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായത്തിനാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ തടസമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: