ന്യൂയോര്‍ക്ക് ടൈംസ് ദിനപ്പത്രത്തില്‍ ഏതാനും ദിവസം മുന്‍പ് (ഡിസംബര്‍ 22ന്) ‘അറസ്റ്റുകള്‍, മര്‍ദ്ദനം, രഹസ്യപ്രാര്‍ത്ഥനകള്‍: ഇന്ത്യയിലെ ക്രിസ്ത്യന്‍ വേട്ടയ്ക്കു പിന്നില്‍’ എന്ന തലക്കെട്ടില്‍ വന്ന ലേഖനം ദൗര്‍ഭാഗ്യകരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ലോകത്തിലെ ഏറ്റവും പൗരൗണികമായ സംസ്കാരങ്ങളിലൊന്നാണ് ഭാരതം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിലും ഈ രാജ്യം അഭിമാനംകൊള്ളുന്നു. അഭിപ്രായ സ്വാതന്ത്ര്യം, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം, സംഘം ചേരല്‍ തുടങ്ങിയവ ഇന്ത്യയില്‍ അനുവദിക്കപ്പെടുന്ന കാര്യങ്ങളാണ്. രാജ്യത്ത് 80 ശതമാനത്തോളം ഹിന്ദുക്കളാണ്. ഏതാണ്ട് 15 ശതമാനം മുസ്ലീങ്ങളും 2.3 ശതമാനം ക്രിസ്ത്യാനികളുമുണ്ട്. എണ്ണത്തില്‍ വര്‍ധന ഉണ്ടാകുമ്പോഴും സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ക്രിസ്ത്യാനികളുടെ ശതമാനം ഒരേ അളവില്‍ തുടര്‍ന്നുവരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച് മതം എന്നത് ജീവിതരീതി കൂടിയാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന തെറ്റിദ്ധാരണാജനകമായ, താഴെപ്പറയുന്ന മൂന്ന് പ്രധാന കാര്യങ്ങള്‍ തുറന്നുകാണിക്കട്ടെ:
1. ക്രിസ്ത്യന്‍ വിരോധികളായ സംഘങ്ങള്‍ ഗ്രാമങ്ങളിലുടനീളം സഞ്ചരിച്ച് ദേവാലയങ്ങള്‍ക്ക് കല്ലെറിയുന്നു, ക്രിസ്ത്യന്‍ വേദഗ്രന്ഥങ്ങള്‍ കത്തിക്കുന്നു, സ്കൂളുകള്‍ തകര്‍ക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ചെയ്യുന്നു.
2. 2014ന് ശേഷം െ്രെകസ്തവര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ ഇരട്ടിയായി.
3. ഏതാനും വര്‍ഷം മുമ്പ് ന്യൂഡല്‍ഹിയിലെ കത്തോലിക്ക ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ സഹായാഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പ്രധാനമന്ത്രിയുടെ വസതിയില്‍ 2014ല്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത വൈദികര്‍ പറയുന്നത് അദ്ദേഹം അവരെ പരിഹസിക്കുകയും പ്രശ്നം കേള്‍ക്കാന്‍ തയ്യാറാകാതിരിക്കുകയും ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകാതിരിക്കുകയും ചെയ്തു എന്നാണ്. അദ്ദേഹം ഒരു അധോലോക നേതാവിനെപ്പോലെ പെരുമാറി.
മുകളിലെ വാര്‍ത്താഭാഗം ക്രിസ്ത്യാനികള്‍ക്ക് നേരെ രാജ്യത്ത്, വ്യാപക ആക്രമണം നടക്കുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. യഥാര്‍ഥ വസ്തുതകളെ മറച്ചുവച്ച് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളോട് ഉചിതമായി പ്രതികരിക്കേണ്ടതെങ്ങനെ എന്നതില്‍ ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. ക്രിസ്ത്യാനികളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥാലയങ്ങളും വൃദ്ധസദനങ്ങളും അഗതിമന്ദിരങ്ങളും നടത്തുന്നത്. ജനസംഖ്യയില്‍ വെറും 2.3 ശതമാനം മാത്രമായിട്ടും ഇത്രയേറെ സ്ഥാപനങ്ങള്‍ നടത്തുന്ന ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശക്തിയാണ്. ഈ സ്ഥാപനങ്ങള്‍ രാജ്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കി വരുന്നു. കേന്ദ്രഗവണ്മെന്റിന് എന്തെങ്കിലും അജണ്ട ഉണ്ടെങ്കില്‍ അത് രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമവും വികസനവുമാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ച് ഈ ലക്ഷ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുക എന്നത് സ്വാഭാവികമായ കാര്യം മാത്രമാണുതാനും. അനഭിലഷണീയമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. അത്തരം സംഭവങ്ങള്‍ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക തന്നെ വേണം.
മൂന്നാമത്തെ ആരോപണവുമായി ബന്ധപ്പെട്ട യോഗം 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ് മാസങ്ങള്‍ക്കുള്ളില്‍ ക്രിസ്മസിനോടനുബന്ധിച്ചു നടന്നതാണ്. അതില്‍, ക്രിസ്ത്യന്‍ നേതാക്കളുടെ പ്രതിനിധിയായി ഞാന്‍ പങ്കെടുത്തിരുന്നു. ഞാന്‍ അവിടെയുണ്ടാകാനുള്ള കാരണം ആ യോഗം സംഘടിപ്പിക്കുന്നതിന് പിന്നില്‍ ഞാനായിരുന്നതു കൊണ്ടാണ്. പ്രധാനമന്ത്രി അങ്ങേയറ്റം ആതിഥ്യ മര്യാദയോടെയാണ് സംഘത്തെ സ്വീകരിച്ചത്. അദ്ദേഹം ക്രിസ്മസ് കേക്ക് മുറിക്കുകയും എല്ലാവര്ക്കും നല്‍കുകയും ചെയ്തു. 2014ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ഞങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാത്രിയുടെ മറവില്‍ 11 പള്ളികള്‍ ആക്രമിക്കപ്പെട്ടു. ഞാന്‍ ആ 11 ദേവാലയങ്ങളും സന്ദര്‍ശിച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപിക്ക് പങ്കുണ്ടെന്നും മോദി പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ എല്ലാ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കുനേരെയും സമാന ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നും ദേശീയ ആഗോള മാധ്യമങ്ങളില്‍ വ്യാപകമായി തെറ്റായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഞങ്ങള്‍ പ്രശ്നം ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി ഞങ്ങളുടെ വികാരത്തോട് അനുഭാവപൂര്‍വം പ്രതികരിക്കുകയും ആക്രമിക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. മതപരമോ രാഷ്ട്രീയപരമോ ആയ പരിഗണന കൂടാതെ അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. മതങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സഹിഷ്ണുത നമ്മുടെ രാജ്യത്ത് ആഴത്തില്‍ വേരൂന്നിയ ജനാധിപത്യ ബോധത്തിന്റെ ഭാഗമാണെന്ന് അന്നു പ്രധാനമന്ത്രി പറഞ്ഞു.
അന്വേഷണത്തില്‍, പള്ളികള്‍ തകര്‍ത്ത സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് വ്യക്തമായി. ഡല്‍ഹിയില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന പുതുതായി രൂപം കൊണ്ട ബിജെപി വിരുദ്ധരും ബിജെപിയില്‍ നിന്ന് പരാജയ ഭീഷണി നേരിടുന്നവരുമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകളാണ് പിന്നിലെന്ന് തെളിയുകയും ചെയ്തു. ആക്രമണത്തിന് പിന്നിലുള്ളവരെ ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നേരെയുള്ള ഏതൊരു ചെറിയ ആക്രമണവും നമുക്കെല്ലാവര്‍ക്കും നേരെയുള്ള ആക്രമണമായി കാണേണ്ടതുണ്ട്. അത് വച്ചുപൊറുപ്പിക്കാന്‍ പറ്റുന്നതുമല്ല. അക്രമകാരികള്‍ രാജ്യത്തിനും അവര്‍ വിശ്വസിക്കുന്ന മതത്തിനും അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി. സമാനമായ ഏത് സംഭവവും ഗൗരവമായി എടുക്കുമെന്ന് ഉറപ്പുംനല്കി.
മിക്ക പാശ്ചാത്യ തത്വശാസ്ത്രങ്ങളേയും പിന്നിലാക്കുന്ന വസുധൈവ കുടുംബകം എന്ന മാനവികത വിളിച്ചോതുന്ന തത്വത്തിലാണ് ഇന്ത്യയുടെ അടിത്തറ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഒത്തൊരുമിച്ച് എല്ലാവര്ക്കും വികസനം എന്നര്‍ത്ഥം വരുന്ന ‘സബ്കാ സാഥ് സബ്കാ വികാസ്’ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു 2014ല്‍ നരേന്ദ്ര മോദി തെരഞ്ഞടുപ്പിനെ നേരിട്ടത്. 2015 ഫെബ്രുവരി 16ന് വിജ്ഞാന് ഭവനില്‍ ക്രിസ്ത്യന്‍ നേതാക്കളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു, ‘രാജ്യത്ത് ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള പൂര്‍ണ അവകാശം എന്റെ ഗവണ്മെന്റ് ഉറപ്പ് നല്കുന്നു. ബലപ്രയോഗത്തിലൂടെയോ സ്വാധീനത്തിലൂടെയോ അല്ലാതെ ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനോ ഇഷ്ടമുള്ള മതം സ്വീകരിക്കാനോ ഉള്ള ചോദ്യം ചെയ്യപ്പെടാനാകാത്ത അവകാശമുണ്ട്. ഭൂരിപക്ഷ സമുദായത്തില്‍ നിന്നോ ന്യൂനപക്ഷ സമുദായത്തില്‍ നിന്നോ ഉള്ള ഒരു മത സംഘടനയെയും മറ്റുള്ളവര്‍ക്കെതിരെ നേരിട്ടോ അല്ലാതെയോ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഗവണ്മെന്റ് അനുവദിക്കില്ല. എല്ലാ മതങ്ങള്‍ക്കും തുല്യമായ ആദരം നല്കുന്ന ഗവണ്മെന്റാണിത്. ബുദ്ധന്റേയും ഗാന്ധിജിയുടേയും നാടാണ് ഇന്ത്യ. എല്ലാ മതങ്ങളേയും തുല്യമായി ബഹുമാനിക്കുക എന്നത് ഒരു ഇന്ത്യന്‍ പൗരന്റെ ഡിഎന്‍എയില്‍ ഉണ്ടായിരിക്കേണ്ട കാര്യമാണ്. ഒരു മതത്തിനുമെതിരെ ഒരു സാഹചര്യത്തിലും ആക്രമണം അനുവദിക്കില്ല. ഏത് ആക്രമണത്തേയും ശക്തമായി അപലപിക്കുന്നു.”
2014ലെ യോഗത്തിന് ശേഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഞാന്‍ കര്‍ദിനാള്‍മാരെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കൊണ്ടുപോയിരുന്നു. ഓരോ തവണയും രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗവണ്മെന്റിനുള്ള പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഇന്ത്യ യഥാര്‍ഥ ജനാധിപത്യരാജ്യമാണ്. ജനാധിപത്യത്തില്‍ പ്രധാനമന്ത്രിയേയോ ഭരിക്കുന്ന പാര്‍ട്ടിയേയോ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നിരുന്നാലും ഞങ്ങളുടെ ജനാധിപത്യ സംവിധാനങ്ങളെയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്ന ആരോപണങ്ങളെ ഞങ്ങള്‍ ഗൗരവമായാണ് നോക്കിക്കാണുന്നത്. ആയതിനാല്‍ ന്യൂയോര്‍ക്ക് ടൈംസിനോട് അവരുടെ ആശങ്ക അറിയിച്ച ലേഖനത്തിന് നന്ദി പറയുന്നു. അതേസമയം ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച ലേഖനം, 140 കോടി ജനങ്ങള്‍ വസിക്കുന്ന, വൈവിധ്യമാര്‍ന്ന രാജ്യമായ ഇന്ത്യ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലമാണെന്ന് ആരോപിച്ചത് ഖേദകരമാണെന്നും അതു ശരിയായ രീതിയല്ലെന്നും വ്യക്തമാക്കാന്‍കൂടി ആഗ്രഹിക്കുന്നു. മധ്യപ്രദേശില്‍ 2021ല്‍ മതപരിവര്‍ത്തന നിയമം പാസാക്കിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. ലേഖനം തയ്യാറാക്കും മുമ്പ് കുറച്ച് മുന്നൊരുക്കം നടത്തിയിരുന്നെങ്കില്‍, പ്രസ്തുത നിയമം ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ 1968ലാണ് പാസാക്കിയതെന്ന് കണ്ടെത്താമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിക്കട്ടെ. രാജ്യത്തെ വൈവിധ്യമാര്‍ന്ന മതവിഭാഗങ്ങളുടെ അന്തഃസത്തയും അഭിമാനവും സംരക്ഷിക്കാനുള്ള ഞങ്ങളുടെ എക്കാലത്തെയും പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: