മെല്‍ബണ്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് ഭഗീരഥപ്രയത്നം വേണ്ടിവരും. ഒന്നാം ഇന്നിങ്സില്‍ 82 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലും തകര്‍ച്ചയുടെ വക്കിലാണ്.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 31 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിലെ കുടിശിക തീര്‍ക്കാന്‍ ഇനി 51 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് ആറു വിക്കറ്റുകള്‍ മാത്രം. സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. റൂട്ട് 12 റണ്‍സുമായി കളത്തിലുണ്ട്. രണ്ട് റണ്‍സെടുത്ത ബെന്‍സ്റ്റോക്സാണ് റൂട്ടിന് കൂട്ട്. നേരത്തെ ഒന്നിന് 61 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ 267 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ ഓസീസിന് 82 റണ്‍സ് ലീഡ് ലഭിച്ചു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 185 റണ്‍സാണ് എടുത്തത്.
ആദ്യ ദിനത്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍കസ് ഹാരിസിന്റെ അര്‍ധ ശതകത്തിന്റെ മികവിലാണ് ഓസീസ് 267 റണ്‍സ് എടുത്തത്. ഹാരിസ് 189 പന്തില്‍ ഏഴു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 75 റണ്‍സ് കുറിച്ച് ടോപ്പ് സ്കോററായി. ട്രാവിസ് ഹെഡ് 27 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 21 റണ്‍സും നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് 24 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി പേസര്‍ ജെയിംസ് ആന്ഡേഴ്സണ് 23 ഓവറില്‍ 33 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. ഒലീ റോബിന്‍സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. 82 റണ്‍സിന്റെ കുടിശികയുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മോശമായി. ഓപ്പണര്‍ സാക് ക്രോളിയെ അഞ്ചു റണ്‍സിന് നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ ഡേവിഡ് മലാന് സംപുജ്യനായി മടങ്ങി. രണ്ട് വിക്കറ്റുകള്‍ നിലംപൊത്തിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ബോര്‍ഡില്‍ ഏഴു റണ്‍സ് മാത്രം. മലാന് പിന്നാലെ ഓപ്പണര്‍ ഹസീബ് ഹമീദും പുറത്തായി. ഏഴു റണ്‍സാണ് ഹസീബിന്റെ സമ്പാദ്യം. ജാക്ക് ലീച്ച് പുജത്തിന് പുറത്തായി.
സ്കോര്‍: ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്സ് 185, രണ്ടാം ഇന്നിങ്സ് നാലിന് 31. ഓസ്ട്രേലിയ: ഒന്നാം ഇന്നിങ്സ് 267.
പ്രതികരിക്കാൻ ഇവിടെ എഴുതുക: