ന്യൂദല്‍ഹി: സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്സ്പ പുനപ്പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിയമം പിന്‍വലിക്കണമോ തുടരണമോ തുടങ്ങിയ കാര്യങ്ങള്‍ പുതിയ സമിതി പരിശോധിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും നാഗാലാന്‍ഡ് മുഖ്യന്ത്രി നെയ്ഫ്യൂ റിയോയും ഡിസംബര്‍ 23ന് നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് തീരുമാനം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രആഭ്യന്തരമന്ത്രാലയ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാഗാലാന്‍ഡ് ചീഫ് സെക്രട്ടറിയും ഡിജിപിയും സിആര്‍പിഎഫ് പ്രതിനിധിയും സമിതിയില്‍ അംഗങ്ങളാണ്.
ആഴ്ചകള്‍ക്ക് മുമ്പ് നാഗാലാന്‍ഡില്‍ സൈനിക നടപടിയില്‍ 14 ഗ്രാമവാസികളും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന സൈനിക നടപടിക്കിടെയായിരുന്നു ദുരന്തം. സൈനിക നടപടിയില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ അടക്കമുള്ള നടപടികള്‍ സൈന്യം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും.
കേന്ദ്രസര്‍ക്കാര്‍ സംഭവങ്ങളെ ഗൗരവമായി കണ്ട് നടപടികള്‍ എടുത്തതിനെ നാഗാലാന്റ് സര്‍ക്കാര്‍ അഭിനന്ദിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി സംസ്ഥാനം ഉന്നയിച്ച എല്ലാ ആശങ്കകളും കണക്കിലെടുത്ത് വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചു. മോണ്‍ ജില്ലയിലെ അസം റൈഫിള്‍സ് യൂണിറ്റ് മാറ്റി സ്ഥാപിച്ചതും സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിച്ചു. പോലീസ് ഗ്രാമവാസികളുമായും വില്ലേജ് കൗണ്‍സിലുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുകയാണ്. എല്ലാ വിഭാഗം ജനങ്ങളോടും സമാധാനത്തോടെ വര്‍ത്തിക്കണമെന്നും നാഗാലാന്‍ഡ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
















