മലപ്പുറം: സിപിഎം-ഡിവൈഎഫ്ഐ നേതാക്കളടക്കം പ്രതികളായ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തും രാമനാട്ടുകരയിലെ വാഹനാപകടവും നടന്നിട്ട് ആറുമാസം പിന്നിട്ടിട്ടും കേസന്വേഷണം എങ്ങുമെത്താതെ ഇഴയുന്നു. ജൂണ്‍ 21ന് പുലര്‍ച്ചെയാണ് രാമനാട്ടുകര ബൈപ്പാസ് ജങ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശികളായ അഞ്ചുപേര്‍ മരിച്ചത്.
ആ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖില്‍ നിന്ന് 1.11 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ഈ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘമാണ് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പെട്ടതെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കൊടുവള്ളി, ചെര്‍പ്പുളശ്ശേരി, കണ്ണൂര്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. കൊടുവള്ളി സംഘം കടത്തിയ സ്വര്‍ണത്തിന് സംരക്ഷണം നല്‍കാനെത്തിയതായിരുന്നു ചെര്‍പ്പുളശ്ശേരി സംഘം. ഇരുകൂട്ടരില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാനാണ് കണ്ണൂര്‍ സംഘമെത്തിയത്.
സ്വര്‍ണം തട്ടിയെടുക്കാന്‍ മറ്റൊരു സംഘം കൂടി വിമാനത്താവളത്തിന് സമീപത്ത് തമ്പടിച്ചിട്ടുണ്ടെന്ന് ചെര്‍പ്പുളശ്ശേരി സംഘത്തിന് സൂചന ലഭിച്ചിരുന്നു. കണ്ണൂര്‍ സംഘമെത്തിയ കാറും ഇവരുടെ നിരീക്ഷണത്തിലുണ്ടായിരുന്നു.
സ്വര്‍ണവുമായെത്തിയ ഷഫീഖ് വിമാനത്താവളത്തിനകത്ത് പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂര്‍ സംഘമാണ്. ഇതോടെ ഇവര്‍ മടങ്ങാനൊരുങ്ങി. ദുബായ് വിമാനത്തില്‍ നിന്നുള്ള യാത്രക്കാര്‍ പുറത്തെത്തിയതിന് പിന്നാലെ കണ്ണൂര്‍ സംഘത്തിന്റെ കാര്‍ പുറത്തേക്കിറങ്ങിയതോടെ സ്വര്‍ണം ഇവരുടെ കയ്യിലെത്തിയെന്ന് ചെര്‍പ്പുളശ്ശേരി സംഘം തെറ്റിദ്ധരിച്ചു. ഈ വാഹനത്തിന് പിന്നാലെ മൂന്ന് വാഹനങ്ങളില്‍ പിന്തുടര്ന്ന് രാമനാട്ടുകരയില്‍ എത്തിയപ്പോഴാണ്, വിമാനത്താവളത്തിനകത്ത് വെച്ചുതന്നെ സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞത്. മടങ്ങിപ്പോകുന്നതിനിടെ മുന്നിലുള്ള വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറിനൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലെ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആദ്യം സാധാരണ അപകടമെന്ന് കരുതിയ സംഭവത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.
തുടക്കത്തില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തു. ഡിവൈഎഫ്ഐ നേതാവ് അര്ജുന് ആയങ്കി ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. ഇവര്‍ക്കെല്ലാം പിന്നീട് ജാമ്യവും കിട്ടി. ടിപി വധക്കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി, കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലേങ്കരി, അര്ജുന് തില്ലേങ്കരിയുടെ ഭാര്യ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം അന്വേഷിച്ചിരുന്നു. സംഭവത്തില്‍ 60ഓളം പേരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ജാമ്യം കിട്ടി. സിപിഎം നേതാക്കളിലേക്ക് നീണ്ടതോടെ അന്വേഷണം അട്ടിമറിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: