തിരുവനന്തപുരം: കേരള പോലീസ് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഡിജിപി അനിൽകാന്തിനെ കണ്ടു. പ്രതിരോധ കസ്റ്റഡിയുടെ പേരിൽ പോലീസ് സംഘപരിവാർ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്ന് ബിജെപി സംഘം ഡിജിപിയോട് വിശദീകരിച്ചു.
മറ്റു ജില്ലകളിലെ ഉൾപ്പെടെയുള്ള പ്രവർത്തകരെ ബലം പ്രയോഗിച്ച് തടങ്കലിൽ വെക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വനിതാ ജനപ്രതിനിധിമാരെ ഉൾപ്പെടെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് ബിജെപിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്നത് വ്യാമോഹമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഡിജിപിയോട് പറഞ്ഞു.
രണ്ട് മാസം കൊണ്ട് മൂന്ന് ആർഎസ്എസ് പ്രവർത്തകരെ വധിച്ച എസ്ഡിപിഐക്കും പിഎഫ്ഐയ്‌ക്കും എതിരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. അവരുടെ കൊലയാളി സംഘത്തെ സംസ്ഥാനം വിടാൻ സഹായിച്ചത് പോലീസാണ്. സംസ്ഥാനത്ത് ഇപ്പോൾ ഭരണകക്ഷിയായ സിപിഎമ്മും ഇസ്ലാമിക ഭീകര സംഘടനകളും കൈകോർത്തിരിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിലെ ദേശീയ ശക്തികളെ ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ പൊതു ലക്ഷ്യമെന്നും ബിജെപി സംഘം ഡിജിപിയോട് വിശദീകരിച്ചു.
ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നത്. പോലീസിന്റെ വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപി ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: