മാനന്തവാടി: കുടുംബശ്രീ എഡിഎസ്, സിഡിഎസ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതോടെ കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. ഒപ്പം എഡിഎസും, സിഡിഎസും കൈ പിടിയിലാക്കാൻ രാഷ്ടീയ ചരട് വലികളും ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇത്തവണ സംസ്ഥാനത്ത് തന്നെ കുടുംബശ്രീ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പതിവിൽ നിന്നും വ്യത്യസ്തമായി എഡിഎസ് തലത്തിലും അയൽകൂട്ടങ്ങളിലും പട്ടികവർഗ്ഗ വനിതകൾക്ക് സംവരണം ഉണ്ട് എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. വയനാട് ജില്ലയിൽ 26 സിഡിഎസുകളാണ് ഉണ്ടായിരുന്നത് ഇത്തവണ മാനന്തവാടി നഗരസഭയിൽ രണ്ട് സിഡിഎസുകൾ കൂടി വന്നതോടെ അത് 27 ആയി. 9642 അയൽ കൂട്ടങ്ങളിലായി ഒരു ലക്ഷത്തി പതിനയ്യായിരത്തിനടുത്ത് വനിതകളാണ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നത്. എഡിഎസുകളും , സിഡിഎസുകളും കൈ പിടിയിലൊതുക്കാൻ രാഷ്‌ട്രീയ ചരടുവലികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞതായാണ് അറിയുന്നത്. സിപിഎം ഉം കോൺഗ്രസും ലീഗും ബിജെപിയുമെല്ലാം അണിയറയിൽ അതിനുള്ള നീക്കങ്ങൾ ഇതിനകം തുടങ്ങി കഴിഞ്ഞു.
എഡിഎസുകളിൽ നല്ല വാശിയേറിയ തിരഞ്ഞെടുപ്പായിരിക്കും നടക്കുക. എഡിഎസിൽ നിന്നും വിജയികളായവരായിരിക്കും സിഡിഎസ്എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക. ഈ എക്സിക്യൂട്ടീവ് അംഗങ്ങളാണ് സിഡിഎസ് ചെയർപേഴ്സനെ തിരഞ്ഞെടുക്കുക. അതുകൊണ്ട് വീറും വാശിയുമേറിയ തിരഞ്ഞെടുപ്പായിരിക്കും നടക്കുക എന്ന കാര്യത്തിൽ സംശയമില്ല. 2022 ജനുവരി 26 നാണ് സിഡിഎസ് ഭാരവാഹികൾ അധികാരമേൽക്കുക. ഇനിയുള്ള ദിവസങ്ങൾ എഡിഎസും, സിഡിഎസുകളും തങ്ങൾക്കനുകൂലമാക്കി മാറ്റാനുള്ള ഇടപ്പെടലുകളായിരിക്കും അതാത് രാഷ്രീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുക.
വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ആര് വാഴും ആര് വീഴുമെന്നുള്ളത് 2022 ജനുവരി 26 ന് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: