കൊച്ചി: കിഴക്കമ്പലം അക്രമത്തില്‍ ഇരുപത്തിയാറ് പേര് കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അന്‍പതായി. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.
വധശ്രമം, പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് വകുപ്പുകളാണ് കേസിലെ പ്രതികളായ കിറ്റെക്സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമത്തില്‍ പരിക്കേറ്റ സി ഐയുടെയും എസ് ഐയുടെയും മൊഴി പ്രകാരമാണ് വകുപ്പുകള്‍ ചുമത്തിയത്. അറസ്റ്റിലായ 26 പേരുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 24 പേരുടെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായിരുന്നു.
പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പത്തൊമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കിഴക്കമ്പലത്തെ കിറ്റക്സിന്റെ ലേബര്‍ ക്യാമ്പില്‍ സംഘര്‍ഷമുണ്ടായത്. ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ക്യാമ്പിലെ ഒരു വിഭാഗം ഉറങ്ങുന്ന സമയത്ത് കരോള്‍ നടത്തുന്നതിനെ എതിര്‍ത്തു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇത് റോഡിലേക്ക് നീളുകളും നാട്ടുകാരും വിഷയത്തില്‍ ഇടപെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നത്ത്നാട് ഇന്‍സ്പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.
നാട്ടുകാരാണ് മര്‍ദ്ദനമേറ്റ പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകള്‍ വഴി രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: