പൊന്‍കുന്നം: ഗെയ്റ്റിന്റെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ തെരുവുനായയെ പ്രദേശവാസികളായ യുവാക്കള്‍ രക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രി പൊന്‍കുന്നം മുസ്ലിം ജുമാ മസ്ജിദിന് മുന്പില് സംസ്ഥാന പാതയോട് ചേര്‍ന്ന് കടയിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള ഗെയ്റ്റിന്റെ കമ്പികള്‍ക്കിടയില്‍ തെരുവ് നായ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി കണ്ടുവരുന്നതാണ് ഈ തെരുവ് നായ.
രാത്രി കട അടയ്ക്കാന്‍ നേരം ശബ്ദം കേട്ട് സമീപത്തെ ബിസ്മി സ്റ്റോഴ്സ് ഉടമ മുഹമ്മദ് റാഫി നോക്കുമ്പോഴാണ് നായ കുരുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സമീപത്തെ നവീന്‍ ബേക്കറി ഉടമകളും സഹോദരങ്ങളുമായ ലെനീഷിനെയും സ്റ്റെനിയേയും വിവരറിയിച്ചു.
ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് നായയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇവരുടെ ശ്രമം കണ്ട് ഇവര്‍ക്ക് ഒപ്പം വഴിയാത്രക്കാരനായ ചിറക്കടവ് സ്വദേശി ജോഷി ഡൊമിനിക്കും ചേര്‍ന്ന് അര മണിക്കൂറോളം പരിശ്രമിച്ചെങ്കിലും നായയുടെ പകുതിയോളം ഗ്രില്ലിനിടയില്‍ കുരുങ്ങിയതിനാല്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് സ്റ്റെനി സുഹൃത്തുക്കളായ തോണിപ്പാറ സ്വദേശികളായ ശ്യാം ബാബു, കെ.കെ.സുരേഷ് എന്നിവരെ വിവരമറിയിച്ചു. ഇവരും സ്ഥലത്തെത്തി എല്ലാരും ചേര്‍ന്ന് വീണ്ടും ശ്രമം നടത്തിയെങ്കിലും നായയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പൊന്‍കുന്നത്തെ സ്വകാര്യ വെല്‍ഡിംഗ് വര്‍ക്ഷോപ്പ് ഉടമ വിജയനെ ഇവര്‍ വിവരമറിയിച്ചു.
രാത്രിയില്‍ തന്നെ അദ്ദേഹം കട്ടിംഗ് മെഷീനുമായെത്തി. ഈ വര്‍ക്ഷോപ്പിലെ തന്നെ ജീവനക്കാരന് കൂടിയാണ് ബേക്കറി ഉടമകളില്‍ ഒരാളായ സ്റ്റെനി. സ്റ്റെനിയും വിജയനും ചേര്‍ന്ന് ഗേറ്റിന്റെ കമ്പികള്‍ മുറിച്ച് മാറ്റി നായയെ പുറത്തെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: