തിരുവനന്തപുരം: ഉപ്പും മുളകും പരമ്പരയുടെ സംവിധായകനായ എസ്.ജെ. സിനു സംവിധാനം ചെയ്ത ജിബൂട്ടി എന്ന ചിത്രം 31 ന് തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകള്‍ക്കു പുറമെ ഫ്രഞ്ച് ഭാഷയിലും ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന് എസ്.ജെ. സിനുവും നടന് അമിത് ചക്കാലക്കലും പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് ജിബൂട്ടിയെന്ന് സംവിധായകന് സിനു പറഞ്ഞു. ജിബൂട്ടിയുടെ മനോഹാരിത പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം പകരും. വിദേശരാജ്യങ്ങളില്‍ നിയമവ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പുലര്‍ത്തേണ്ട ജാഗ്രത പ്രതിപാദിക്കുന്നതോടൊപ്പം ജിബൂട്ടിയിലെത്തിയ ഒരു വ്യക്തിയുടെ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കി കൂടിയാണ് ചിത്രം. കൊച്ചുകുട്ടികള്‍ക്കു മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ജിബൂട്ടി.
പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. മനുഷ്യക്കടത്തും ചിത്രത്തിനു പ്രമേയമാകുന്നുണ്ട്. ഒരാളെങ്കിലും തന്റെ ആദ്യ സിനിമ കാണണമെന്ന ആഗ്രഹമാണ് ഒടിടിയിലേക്ക് ചിന്തിക്കാതിരുന്നത്. എല്ലാ നടന്മാരുടെയടുത്തും തിരക്കഥയുമായി പോയിരുന്നു. 50 ദിവസം വിദേശത്ത് ഷൂട്ടിംഗ് ഉള്ളതിനാല്‍ ആരുടെയും ഡേറ്റ് ലഭിച്ചില്ല. തുടര്‍ന്നാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ അമിതിനെ തിരഞ്ഞെടുത്തതെന്നും സിനു പറഞ്ഞു.
ബിഗ്ബജറ്റ് ചിത്രങ്ങളുടെയും സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെയും മത്സരങ്ങളുണ്ടെങ്കിലും നല്ല സിനിമയെ നല്ല സിനിമയാക്കുന്നത് പ്രേക്ഷകരാണെന്ന് നടന് അമിത് ചക്കാലക്കല്‍ പറഞ്ഞു. ജാനേ മന് പോലുള്ള സിനിമകളുടെ വിജയം അതാണ് സൂചിപ്പിക്കുന്നതെന്നും അമിത് പറഞ്ഞു. നായികയും ബോളിവുഡ് താരവുമായ ഷകുന്‍ ജസ്വാള്, നടന് ബിജു സോപാനം എന്നിവരും മുഖാമുഖത്തില്‍ സംസാരിച്ചു.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി പി. സാം നിര്‍മിക്കുന്ന ചിത്രമാണ് ജിബൂട്ടി. അഫ്സല് അബ്ദുള്‍ ലത്തീഫും എസ്.ജെ. സിനുവും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്. ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോര്‍ജ്, തമിഴ് നടന് കിഷോര്‍, ഗീത, ആതിര, അഞ്ജലി നായര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുഡ്വില് എന്റര്ടൈന്മെന്റ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: