കൊച്ചി : കിഴക്കമ്പലം കിറ്റക്സ് കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ പോലീസിനെ ആക്രമിക്കാനുണ്ടായതിനു പിന്നിലെ കാരണം പുറത്തുകൊണ്ടുവരണം. സമഗ്രമായ അന്വേഷണം വേണമെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്. ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും തൊഴില്‍ ഉടമയ്ക്ക് മാറി നില്‍ക്കാനാവില്ല. പോലീസ് ഓഫീസേഴ്സ് സംഘടനാ സെക്രട്ടറി സി. ആര്. ബിജു പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കിഴക്കമ്പലത്തെ കിറ്റക്സിന്റെ ലേബര്‍ ക്യാമ്പില്‍ സംഘര്‍ഷമുണ്ടായത്. ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ക്യാമ്പിലെ ഒരു വിഭാഗം ഉറങ്ങുന്ന സമയത്ത് കരോള്‍ നടത്തുന്നതിനെ എതിര്‍ത്തു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇത് റോഡിലേക്ക് നീളുകളും നാട്ടുകാരും വിഷയത്തില്‍ ഇടപെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നത്ത്നാട് ഇന്‍സ്പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.
നാട്ടുകാരാണ് മര്‍ദ്ദനമേറ്റ പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകള്‍ വഴി രക്ഷപ്പെടുത്തിയത്. പോലീസ് സ്ഥലത്തു നിന്നും പിന്മാറിയതോടെ തൊഴിലാളികള്‍ പോലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളില്‍ നിന്നുള്‍പ്പടെ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് 150 ലധികം തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ വി.ടി ഷാജന് അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ചികില്‍സയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
അതേസമയം വിഷയത്തില്‍ കിറ്റക്സ് മാനേജ്മെന്റിനും പങ്കുണ്ടെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന് കുറ്റപ്പെടുത്തി. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. കിറ്റക്സ് മാനേജ്മെന്റിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് ജീവിക്കാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കമ്പനിക്കകത്ത് ഉണ്ടായ പ്രശ്നമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെട്ടെന്നും ശ്രീനിജന് അറിയിച്ചു.
എന്നാല്‍ പി.വി. ശ്രീനിജന് എംഎല്‍എ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അന്നുമുതല്‍ ഈ കമ്പനി പൂട്ടിക്കാന്‍ നടക്കുകയാണ്. അദ്ദേഹത്തിന് മറുപടി ഇപ്പോള്‍ പറയുന്നില്ലെന്നും കിറ്റെക്സ് സാബു ജേക്കബ് വിഷയത്തില്‍ പ്രതികരിച്ചു. ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല. ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെ കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കും പോലീസിനും പരിക്കേറ്റിരുന്നു. വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: