വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും കെ.എസ്. സേതുമാധവന് തൃശ്ശൂരില്‍ അവസാനമായി എത്തിയത് ജന്മഭൂമിയുടെ ലെജന്‍ഡ് ഓഫ് കേരള പുരസ്കാരം ഏറ്റുവാങ്ങാന്‍. 2019 ജൂലൈയിലായിരുന്നു ഇത്. പ്രായത്തിന്റെ ക്ഷീണമുണ്ടായിരുന്നുവെങ്കിലും ആദ്യവസാനം അദ്ദേഹം ആ പരിപാടിയില്‍ പങ്കെടുത്താണ് മടങ്ങിയത്.
വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ താരസമ്പന്നമായ വേദിയില്‍ വെച്ച് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ജന്മഭൂമിയുടെ പുരസ്കാരം സേതുമാധവന് സമ്മാനിച്ചത്. മലയാള മാധ്യമരംഗത്ത് ജന്മഭൂമിയുടെ സാന്നിദ്ധ്യം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
തന്നെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കയറ്റിനിര്‍ത്തിയ ഗുരുനാഥനാണ് കെ.എസ്.സേതുമാധവനെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സിനിമ ഒരു സ്വപ്നമായി മനസില്‍ കൊണ്ടുനടന്ന കാലത്ത് ഉള്ളിലെ ആരാധനാ വിഗ്രഹമായിരുന്നു കെ.എസ്.സേതുമാധവനെന്നായിരുന്നു സത്യന് അന്തിക്കാട് ചൂണ്ടിക്കാട്ടിയത്. സിനിമയില്‍ അകന്ന് നിന്ന് ആരാധിക്കുന്ന പലരേയും അടുത്തറിയുമ്പോള്‍ ബഹുമാനം കുറയുകയാണ് പതിവ്. എന്നാല്‍ കെഎസിനെ അടുത്തറിയുന്തോറും ബഹുമാനം ഏറുകയായിരുന്നുവെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
മലയാളത്തിന്റെ മഹാകവി അക്കിത്തത്തിനും സിനിമയുടെ രാജശില്പി സേതുമാധവനുമായിരുന്നു ആ വര്‍ഷം ജന്മഭൂമിയുടെ ലെജന്‍ഡ് ഓഫ് കേരള പുരസ്കാരം. ജന്മഭൂമി ആര്‍ട്ടിസ്റ്റ് എ.ആര്.പ്രവീണ്‍കുമാര്‍ വരച്ച കെ.എസിന്റെ ഛായാചിത്രം വേദിയില്‍ വെച്ച് മമ്മൂട്ടി അദ്ദേഹത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: