കെ.സുരേന്ദ്രന്
യുഗപ്രഭാവനായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് രാജ്യം സദ്ഭരണ ദിനമായി ( സുശാസന്‍ ദിവസ്) ആചരിക്കുന്നു. നല്ല ഭരണം ലഭിക്കുക എന്നത് പൗരന്മാര്ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട ഒരു അവകാശമാണ്. അത് ബോദ്ധ്യപ്പെടുത്തുക കൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഇന്ത്യഭരിച്ചത്. നമുക്ക് നല്ല ഭരണം കിട്ടാഞ്ഞതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ 1977ലെ മൊറാര്‍ജി ദേശായിയുടേതായിരുന്നു. എന്നാല്‍ അദ്ദേഹം ഒരു മുന്‍ കോണ്ഗ്രസുകാരന് കൂടിയായതിനാല്‍ എ.ബി.വാജ്പേയിയാണ് ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന് പറയാം. അഞ്ചരവര്‍ഷമേ ഭരിച്ചുവെങ്കിലുംരാജ്യ ഭരണത്തില്‍ മൗലിക മായ പല മാറ്റങ്ങളും അദ്ദേഹം വരുത്തി. ഏറ്റവും അവസാനത്തെയാള്‍ക്ക് വരെ ക്ഷേമം എന്നുള്ളതായിരുന്നു വാജ് പേയിയുടെ കാഴ്ചപ്പാട്. ദീനദയാല്‍ ഉപാദ്ധ്യായയുടെ അന്ത്യോദയ എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കാനാണ് വാജ് പേയി ശ്രമിച്ചത്.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരുന്നത്. വാജ്പേയിയുടെത് രണ്ടു ഡസനോളം വരുന്ന ഘടകകക്ഷികള്‍ കൂടി ഉള്‍പ്പെട്ട മുന്നണി ഭരണമായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സഖ്യത്തില്‍ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടെന്ന പ്രത്യേകതയുമുണ്ട്. മഹാത്മാഗാന്ധിയെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ എപ്പോഴും വാചാലരാവുമെങ്കിലും ഗാന്ധി നല്കിയ ഗ്രാമസ്വരാജ് നടപ്പിലാക്കി തുടങ്ങിയത് ബി.ജെ.പി സര്‍ക്കാരുകളാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ ഇന്ത്യയില്‍ ഉന്നതര്‍ക്ക് മാത്രമാണ് വൃത്തിയും വെടിപ്പിനും അവസരമുണ്ടായിരുന്നത്. സ്വച്ഛഭാരത് അഭിയാന് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് മുന്നില്‍ ഇന്ത്യയുടെയ യശസ് ഉയര്‍ത്തി.
വിദേശികള്‍ കളിയാക്കിയതുപോലുള്ള വൃത്തിഹീനമായ , വഴിയില്‍ വിസ!ര്ജിക്കുന്നവരുടെ ഇന്ത്യയല്ല ഇന്ന്. വെളിയിട വിസ!ര്‍ജ്യ മുക്ത സംസ്ഥാനമാകാന്‍ കേരളം പോലും യത്നിക്കേണ്ടിവന്നു. ഇപ്പോഴുമത് സാദ്ധ്യമായോ എന്നത് വേറെ കാര്യം. ഗ്രാമീണ ഇന്ത്യയുടെ ഹൃദയത്തെ അറിഞ്ഞ നരേന്ദ്രമോദി തന്നെ സ്വച്ഛ് ഭാരത് അഭിയാനുമായി മുന്നോട്ട് വന്നതും പ്രധാനമന്ത്രി തന്നെ ചൂലുമായി തൂത്തുവാരാന്‍ ഇറങ്ങിയതും ഈ മേഖലയില്‍ ഒരു പാരഡൈം ഷിഫ്റ്റ് തന്നെ ഉണ്ടാക്കി. കക്കൂസ് എന്ന പേര് പോലും പരസ്യമായി ഉച്ചരിക്കാന്‍ പാടില്ലെന്ന സങ്കോചമുള്ളവരുടെ ഇടയിലേക്ക് എല്ലാവര്ക്കും കക്കൂസ് എന്ന അവസ്ഥയുണ്ടാക്കാന്‍ നരേന്ദ്രമോദിക്ക് കഴി!ഞ്ഞു. ഗണ്യമായ വിഭാഗം ആഡംബര വീടുകളില്‍ താമസിക്കുമ്പോള്‍ തല ചായ്ക്കാന്‍ ഒരു കൂര പോലുമില്ലാത്തവരായിരുന്നു ഇന്ത്യയിലെ കോടാനുകോടി ജനങ്ങള്‍. പ്രധാനമന്ത്രി ആവാസ് യോജന വഴി( പി.എം.എ. വൈ) വീടില്ലാത്ത , നഗരങ്ങളിലെയും ഗ്രാമങ്ങളിലെ കോടികള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്കാന് കഴിഞ്ഞു. അടുപ്പില്‍ പുകയൂതി ജീവിതം കഴിച്ച പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് സൗജന്യ പാചക വാതകം നല്കി.
ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളെയും കുലുക്കിയാണ് കോവിഡ് സംഹാര താണ്ഡവമാടിയത്. അത് നമ്മളെയും ബാധിച്ചു. എന്നാല്‍ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി നാം കൊവിഡിനെ അതിജീവിച്ചു.സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കഠിന പരിശ്രമത്തിലൂടെ നാം കരകയറി. ജി.ഡി.പി തകര്‍ച്ചയില്‍ നിന്നും മുന്നോട്ട് വന്നു. ജി.എസ്. ടി നികുതി പിരിവ് മുന്‍ റെക്കാഡുകള്‍ ഭേദിച്ചു. ലോകം മുഴുവന്‍ വിറങ്ങലിച്ചു നിന്നുപ്പോള്‍ നാം പിന്നാക്കം നില്ക്കുന്ന രാജ്യങ്ങള്‍ക്ക് വാക്സിനും മരുന്നും പി.പി.ഇ കിറ്റും മറ്റു സഹായങ്ങളും നല്കി. തദ്ദേശീയമായ വാക്സിന് വികസപ്പിച്ചെടുത്തു. ഇതിന്റെ കാര്യക്ഷമതയെകുറിച്ചും വിതരണ സംവിധാനത്തെക്കുറിച്ചും വിമര്‍ശനം അഴിച്ചുവിട്ടവരെ മറികടന്ന് വാക്സിന് വിതരണം 100 കോടി കവിഞ്ഞു. പ്രായപൂര്‍ത്തിയായ 85 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു. 55 ശതമാനം പേര്‍ക്ക് രണ്ട് വാക്സിനും ലഭിച്ചു. അമേരിക്ക വിതരണം ചെയ്തതിന്റെ ഇരട്ടിയിലധികം വാക്സിനാണ് നാം സൗജന്യമായി വിതരണം ചെയ്തത്.
സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഡ്യത്തിന്റെയും കര്മ്മോത്സുകതയുടെയും ഫലം ഇങ്ങനെ ഭരണത്തിന്റെ എല്ലാ മേഖലകളിലും കാണാം. അതിന്റെ ഗുണം ഏറ്റവുമധികം ലഭിച്ചത് രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരാണ്. 2014 വരെ 23,000 കോടി രൂപയാണ് കൃഷിക്കായി ബഡ്ജറ്റില്‍ വകയിരുത്തിയതെങ്കില്‍ ഇപ്പോഴത് 1,23,000 കോടി രൂപയായി. സമ്മാന്‍ നിധിയിലൂടെ 1.55 ലക്ഷം കോടി രൂപയാണ് നേരിട്ട് കര്‍ഷകരുടെ കൈകളിലെത്തിയത്. ആധാര്‍, ജന്‍ധന്‍, ഡി.ബി.ടി( നേരിട്ട് പണമെത്തിക്കല്‍) എന്നിവയുടെ സംയോജനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് വേഗത്തിലും കൃത്യമായും സഹായ ധനമെത്തി.
കോവിഡ് മഹാമാരി വന്നിട്ടും രാജ്യത്തെ പ്രധാന പശ്ചാത്തല വികസന പദ്ധതികളെല്ലാം സമയത്തിന് പൂര്‍ത്തീകരിച്ചു. പ്രധാനമന്ത്രി സടക് യോജനയിലൂടെ രാജ്യത്തെ 6 ലക്ഷം കിലോ മീറ്റര്‍ ഗ്രാമീണ റോഡുകളാണ് നിര്‍മ്മിച്ചത്. രാജ്യത്തെ 2.69ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ രണ്ടു ലക്ഷം പഞ്ചായത്തുകളെ ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ( ജി.ഐ.എസ്) വഴി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ അവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും. ഗ്രാമീണ വികസനത്തില്‍ ഒരു കുതിച്ചു ചാട്ടമാണിത്. കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ പാവങ്ങളെ സഹായിക്കാന്‍ ആരംഭിച്ച സൗജന്യ റേഷന്‍ വിതരണം ഇപ്പോഴും സര്‍ക്കാര്‍ തുടരുന്നു. 80 കോടി പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കുന്ന ഏത് വികസന പദ്ധതികളുടെയും നടത്തിപ്പ് കാര്യക്ഷമവും വേഗത്തിലുമാക്കാന്‍ ഒരു ത്രീ ടയര്‍ മേല്‍നോട്ട സംവിധാനം സര്‍ക്കാര്‍ രൂപീകരിച്ചു. പ്രഗതി എന്ന പേരിലുളള ( പ്രോ ആക്ടീവ് ഗവര്ണന്സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്റേഷന്‍) ഈ പദ്ധതി മുകള്‍ തട്ട് മുതല്‍ താഴെ തട്ട് വരെയുള്ള നിര്‍വഹണം സുതാര്യമാക്കാന്‍ പര്യാപ്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പശ്ചാത്തല വികസന പദ്ധതികളെ വകുപ്പുകള്‍ക്കിടയില്‍ തളച്ചിടാതെ ഏകോപനത്തിലൂടെ അതിവേഗം നടപ്പിലാക്കാന്‍ ഗതിശക്തി എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു. സാഗര മാല , ഭാരത് മാല, ജലഗതാഗത, വ്യോമഗതാഗത പദ്ധതികളെല്ലാം ഗതിശക്തിക്ക് കീഴില്‍ വരും. രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രദാനം ചെയ്യുന്ന ആയുഷമാന്‍ ഭാരതും, മരുന്നുകള്‍ വിലകുറച്ച് കിട്ടുന്ന ജന്‍ ഔഷധി പദ്ധതിയും ആരോഗ്യ രംഗത്തെ എടുത്തു പറയത്തക്ക നേട്ടമാണ്. ആരോഗ്യമേഖലയിലെ പശ്ചാത്തല വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്.രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുള്ള ആശുപത്രികളിലും ഇന്ന് ഓക്സിജന്‍ പ്ലാന്റുകളുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പല നിര്‍ണായകമായ ഭരണ പരിഷ്കാരങ്ങളും നടപടികളും രാജ്യത്തിനും ജനത്തിനും ഗുണകരമായെങ്കിലും അതിനെ കണ്ണുമടച്ച് വിമര്‍ശിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. നമ്മുടെ സമ്പദ് വ്യവസ്ഥയെ തന്നെ കാര്‍ന്നു തിന്നുള്ള കള്ളപ്പണത്തിനെതിരെയുള്ള ആഞ്ഞടിയായിരുന്നു നോട്ട് നിരോധനം. കള്ളപ്പണം കയ്യില്‍ വച്ചവര്‍ക്ക് മാത്രമാണ് നോട്ട് നിരോധനം കൊണ്ട് കഷ്ടമുണ്ടായത്. എന്നാല്‍ അതിനെതിരെയുള്ള പ്രചാരണവുമായ പലരും ഇറങ്ങി. പണമിടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ ഇടപാടിന് കേന്ദ്രസര്ക്കാ!ര്‍ ഊന്നല്‍ നല്കിയപ്പോള് പാര്‍ലമെന്റിനകത്ത് പോലും അതിനെ കളിയാക്കിയവരാണ് പ്രതിപക്ഷം. യു.പി.ഐ ഇടപാടുകള്‍ അതിന്റെ ഏറ്റവും ഉച്ചസ്ഥായിലെത്തുമ്പോള്‍ വിമര്‍ശകര്‍ക്ക് കണ്ണടയ്ക്കേണ്ടിവന്നു.
നിരവധി നയപരമായ തീരുമാനങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നു. വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാര്‍ കാണിച്ചു. പാകിസ്ഥാന് പിന്തുണയോടെ അതിക്രമം നടത്തുന്ന വര്‍ക്കെതിരെ സര്‍ജിക്കല്‍ സെ്രെടക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളെടുത്തു. മുസ്ലീം സ്ത്രീകളെ മുത്തലാക്കില്‍ നിന്ന് രക്ഷിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തി. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്തുന്നതിനുള്ള ബില്ല് കൊണ്ടുവന്നു. കള്ളവോട്ടര്‍മാരെ തടയാന്‍ തിരഞ്ഞെടുപ്പ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. 50 വര്‍ഷമായി തുടരുന്ന അസമിലെ ബോഡോ പ്രശ്നം പരിഹരിക്കാന്‍ കഴി!ഞ്ഞതും വികസനം കുറഞ്ഞ രാജ്യത്തെ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ക്കായി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയതും കേന്ദ്രത്തിന്റെ നേട്ടമാണ്.
അയല്‍രാജ്യങ്ങളില്‍ മതപീ!ഡനവും മറ്റും കൊണ്ട് ദുരിതമനുഴവിക്കുന്നവരെ തിരിച്ചെത്തിക്കാന്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നു. രാജ്യത്തിന്റെ ആഭ്യന്തര നിലപാടുകളോടൊപ്പം വിദേശ കാഴ്ചപ്പാടിലും സമീപനത്തിലും പുതിയ ഭാവവും കരുത്തും പ്രകടമായി. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ന് തങ്ങളുടെ രാജ്യത്തെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും തല ഉയര്‍ത്തി സംസാരിക്കാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പരിപാടികള്‍ ആവിഷ്കരിച്ചു. വിദ്യാഭ്യാസ വികസനത്തിനും രാജ്യത്തോട് അഭിമാനം വളര്‍ത്താനും കഴിയുന്ന വിധത്തില്‍ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചു. അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടിയും നിരവധി പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കി. മൊത്തത്തില്‍ ഒരു ഭരണം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത് യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ്. അത് സദ്ഭരണത്തിന്റെ നേട്ടമാണ്. അവസാനത്തെ ഇന്ത്യക്കാരന് വരെ അത് അനുഭവിക്കാന്‍ കഴിയണം എന്നതാണ് ബി.ജെ.പിയുടെ നിലപാട്. വാജ്പേയിയുടെ ജന്മദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: