മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ – ചിറക്കല്‍പ്പടി റോഡ് കരാറുകാരനെ കരിമ്പട്ടികയില്‍ ചേര്‍ത്തേക്കും. നിര്‍ദേശിച്ച സമയത്തിനകം റോഡ് നവീകരണം പൂര്‍ത്തിയാക്കത്തതിനാലാണ് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് കെ. ശാന്തകുമാരി എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ നാലിനായിരുന്നു എംഎല്‍എയും കിഫ്ബി ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും അടങ്ങിയ യോഗം നടന്നത്. എത്രയും വേഗം പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശവും നല്കി. 15നകം പ്രവൃത്തി തുടങ്ങാനായിരുന്നു യോഗ തീരുമാനം. ഇതില്‍ അനാസ്ഥയുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംഎല്‍എ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിര്‍മാണം പാതിവഴിയിലാക്കി കരാറുകാരന് മുങ്ങുകയായിരുന്നു.
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. പ്രദീപ്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, കഫ്ബി ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
റോഡ് നവീകരണം പുനരാരംഭിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ നവംബര്‍ 25ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. 2018 ലാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്നുവര്‍ഷം പിന്നിട്ടിട്ടും റോഡിന്റെ പല ഭാഗത്തും പ്രത്യേകിച്ച് കാഞ്ഞിരപ്പുഴ ടൗണില്‍ കാല്‍നട യാത്രപോലും ദുസ്സഹമാണ്. പകുതിയോളം ഭാഗത്താണ് റോഡുനിര്‍മാണം നടന്നത്.
എട്ടു കിലോമീറ്റര്‍ റോഡിന്റെ ടാറിങ് ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. നാലുകിലോമീറ്ററോളം ഭാഗത്തുമാത്രമാണ് ടാറിങ് നടത്തിയത്. നിലവില്‍ 15 കലുങ്കുകള്‍ ഉണ്ട്. അതില്‍ പലതും ഇനിയും പണി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 45 മരങ്ങള്‍ മുറിച്ചുമാറ്റാനുണ്ട്. അവയില്‍ ചിലത് മാത്രമാണ് മുറിച്ചുമാറ്റിയത്.
2020 ആഗസ്തില്‍ അന്നത്തെ എംഎല്‍എ ആയിരുന്ന കെ.വി. വിജയദാസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റും കരാറുകാര്‍ അടക്കം ചേര്‍ന്ന യോഗത്തില്‍ 2021 ജനുവരി അവസാനത്തോട് പണി പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ പഞ്ചായത്തിന് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ 2021 കഴിയുമ്പോഴും റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല.
അഴുക്കുചാല്‍ നിര്‍മാണവും പാതിവഴിയിലാണ്. കാഞ്ഞിരം ടൗണില്‍ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടു പോലുമില്ല. അതിനാല്‍ മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് പതിവാണ്. 31 കോടി രൂപ ചെലവിലാണ് നിര്‍മാണം.
റോഡു നവീകരണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നിരവധി തവണ നല്‍കിയിരുന്നു. കരാറുകാരുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും മഴ മാറുന്നതോടെ നവീകരണം വേഗത്തിലാക്കുമെന്നുമാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് എംഎല്‍എ ഇടപെട്ട് പുതിയ കരാറുകാര്‍ക്ക് നിര്‍മാണം കൈമാറാനുള്ള തീരുമാനമെടുത്തത്. രണ്ടുമാസത്തിനകം കരാറുകാരെ കണ്ടെത്തുമെന്ന് എംഎല്‍എ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: