തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലസ്ഥാനത്തെ സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം സമാന്തരമായി എത്തി നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവം ഇങ്ങനെ- വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയില്‍ പി.എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനത്തിനായാണ് രാഷ്ട്രപതി നീങ്ങിയത്. രാഷ്ട്രപതിക്കൊപ്പം 14 വാഹനങ്ങളാണ് അകമ്പടി സ്വീകരിച്ചിരുന്നത്. ഇതില്‍ മേയറുടെ വാഹനം ഉണ്ടായിരുന്നില്ല. എന്നാല്‍, തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിനു മുന്നില്‍ കാത്തു കിടന്ന മേയര്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനു സമാന്തരമായ സഞ്ചരിച്ചു. കനത്ത സുരക്ഷയില്‍ നീങ്ങിയ വാഹന വ്യൂഹത്തിലേക്ക് കയറാന്‍ സാധിക്കാതെ ജനറല്‍ ആശുപത്രിവരെ മേയറുടെ വാഹനം സമാന്തരമായ നീങ്ങി. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് എട്ടാമത്തെ വാഹനത്തിനു തൊട്ടുമുന്നിലായ വെട്ടിച്ചു കയറുകയായിരുന്നു മേയറുടെ വാഹനം.
ഇതോടെ, പൈലറ്റ് വാഹനങ്ങളെല്ലാം പെട്ടന്ന് ബ്രേക്കിട്ടു. തലനാരിഴയ്ക്കു അപകടം ഒഴിവാകുകായിരുന്നു. ആംബലുലന്‍സും ഫയര്‍ എഞ്ചിനും അടക്കം വാഹനങ്ങളാണ് വളരെ പെട്ടന്ന് ബ്രേക്കിട്ടത്. വലിയ സുരക്ഷ വീഴ്ച ആണിതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിലയിരുത്തിയിട്ടുണ്ട്. എത്ര വലിയ വിഐപി ആയാലും രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് നിര്‍ത്തുകയോ ഇടയില്‍ വച്ചു മറ്റു വാഹനങ്ങള്‍ കയറ്റുകയോ ഇല്ല. സംഭവത്തില്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. എന്നാല്‍, പൂജപ്പുരയിലെ ചടങ്ങില്‍ രാഷ്ട്രപതിക്കൊപ്പം പങ്കെടുക്കാന്‍ താനും ഉണ്ടായിരുന്നെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നില്ലെന്നുമാണ് ആര്യയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: