ശിശുമരണങ്ങളുടെ പേരില്‍ വാര്‍ത്തയില്‍ നിറയുന്ന അട്ടപ്പാടിയില്‍ കാല്‍നൂറ്റാണ്ട് കാലം അവിടുത്തെ ആദിവാസികള്‍ക്കായി പ്രവര്‍ത്തിച്ച അട്ടപ്പാടിക്കാരുടെ പ്രിയപ്പെട്ട ഡോക്ടറാണ് ആര്. പ്രഭുദാസ്. എന്നാല്‍, ശിശുമരണനിരക്കില്‍ സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാന്‍ അദ്ദേഹത്തെ സ്ഥലം മാറ്റി, ഇപ്പോള്‍ അദ്ദേഹത്തിനെതിരെ അന്വേഷണവും. അട്ടപ്പാടിയിലെ എല്ലാ വിഭാഗങ്ങളുടെയും ആശ്രയമായ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി ഇന്നത്തെ നിലയിലെത്താന്‍ ഡോ. പ്രഭുദാസ് വഹിച്ച പങ്ക് ചെറുതല്ല.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ഡോ. പ്രഭുദാസ് ജന്മഭൂമിയോടു വിശദമായി സംസാരിക്കുന്നു.
- മുന്‍പ് സ്ഥലം മാറ്റത്തിന് ശ്രമിച്ചത് ഏത് പോസ്റ്റിലേക്കാണ് ? എങ്ങോട്ടാണ് ചോദിച്ചത്?
സംസ്ഥാനത്തെ മൊത്തം ചാര്‍ജുള്ള ട്രൈബല്‍ ഹെല്‍ത്ത് ഓഫീസറുടെ പോസ്റ്റിലേക്ക്. എല്ലാ ജില്ലകളിലെയും ട്രൈബല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ശക്തിപ്പെടുത്താനുള്ള ഇടപെടലുകള്‍ നടത്താമെന്നായിരുന്നു ലക്ഷ്യം. മാത്രമല്ല ഡിഎച്ച്എസില്‍ നിന്ന് അട്ടപ്പാടിയിലേക്ക് വേണ്ടത്ര പിന്തുണയൊന്നും ലഭിക്കാറില്ല. അത്യാവശ്യമുണ്ടോ എന്തെങ്കിലും വേണ്ടതുണ്ടോ എന്നൊന്നും ആരും ചോദിക്കാറില്ല. പ്രശ്നം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇടപെടലുകള്‍ ഉണ്ടാകുന്നത്. അതിനൊരു പരിഹാരം കാണുക കൂടിയായിരുന്നു ലക്ഷ്യം. ഡിഎച്ച്എസില്‍ ഇരുന്നുകൊണ്ട് നിലമ്പൂര്‍, വയനാട്, ഇടുക്കി തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യമേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനും ഉദ്ദേശിച്ചിരുന്നു. പക്ഷേ അതിന് പകരം മറ്റൊരു ഒഴിവിലേക്ക് മാറ്റുകയാണ് ചെയ്തത്. തിരൂരങ്ങാടി ഞാന്‍ ചോദിച്ച സ്ഥലമല്ല.
- താങ്കളുടെ ആവശ്യം നിരസിച്ചതിന് എന്താണ് കാരണം?
പകരം ആളില്ല എന്നതാണ് കാരണമായി പറഞ്ഞത്. ഇപ്പോള്‍ പുതിയ സൂപ്രണ്ടായി വരുന്ന വ്യക്തി കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റം ചോദിച്ചിരുന്നു. എന്നാല്‍ അന്ന് കൊടുത്തില്ല.
- ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇവിടെ നിന്ന് മനപ്പൂര്‍വം മാറ്റിയതായി തോന്നുന്നുണ്ടോ ?
മന്ത്രി അട്ടപ്പാടിലേലേക്ക് വരുന്ന സമയത്ത് എന്നെ തിരുവനന്തപുരത്തേക്ക് യോഗത്തിന് വിളിച്ചിരുന്നു. എനിക്ക് പ്രത്യേക അറിയിപ്പൊന്നും തരാതെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ഞാന്‍ ഇല്ലാത്തപ്പോള്‍ എന്തെങ്കിലും മനസിലാക്കാനായിരിക്കും വന്നത്. മന്ത്രി അട്ടപ്പാടിയില്‍ എത്തുമ്പോള്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് വ്യക്തമാക്കി കൊടുക്കേണ്ട ഉദ്യോഗസ്ഥന് ഞാനാണ്. നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ നമ്മളോടല്ലേ ചോദിക്കേണ്ടത്. നാലാം നിലയില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല. അവിടേക്കായി വാങ്ങിയ സാധനങ്ങള്‍ മറ്റ് വിഭാഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.
അന്വേഷിച്ച് നടപടിയെടുക്കും എന്ന് മന്ത്രി പറഞ്ഞതും ചില വാര്‍ത്താ ചാനലുകള്‍ അഴിമതിയാണെന്ന രീതിയില്‍ വാര്‍ത്ത നല്കി. അല്ലെങ്കില്‍ എന്നെ വിളിച്ച് ചോദിക്കാമായിരുന്നു. ഇപ്പോള്‍ അഴിമതി ആരോപണം ഉയരുന്ന സാധനങ്ങള്‍ വാങ്ങിയപ്പോള്‍, സ്റ്റോക്കെടുത്തതെല്ലാം വേറെ ഫാര്‍മസിസ്റ്റും ഹെഡ് നേഴ്സുമാണ്. ഇപ്പോള്‍ അവരെല്ലാം മാറി. അവര്‍ക്കും കാര്യങ്ങള്‍ പറയാന്‍ സാധിച്ചില്ല. ഞാന്‍ തിരിച്ചെത്തി കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോഴെക്കും സ്ഥലംമാറ്റ ഉത്തരവ് വന്നു.
- മരുന്ന് മറിച്ചുവിറ്റു എന്നതുള്‍പ്പടെ താങ്കള്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളുടെ വാസ്തവം എന്താണ്?
അത് അന്വേഷിക്കട്ടെ. എല്‍ഡിഎഫ് ഭരണസമിതിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ആശുപത്രി ഭരിക്കുന്നത്. അവര്‍ തന്നെയാണ് പണം ചിലവാക്കുന്നത്. അവര്‍ക്ക് ഓഡിറ്റിങ്ങും കാര്യങ്ങളുമെല്ലാമുണ്ട്. ഇപ്പോഴും ഭരിക്കുന്നത് അവര്‍ തന്നെ. അന്വേഷണ ഏജന്‍സികളും അവരുടെ കൈയില്‍ത്തന്നെയാണുള്ളത്. അന്വേഷിക്കട്ടെ. ഇതൊക്കെ എങ്ങോട്ട് കൊണ്ടുപോയെന്നും, എന്തുചെയ്തെന്നും അന്വേഷിച്ച് പ്രസിദ്ധീകരിക്കട്ടെ. അവിടുത്തെ രേഖകളെല്ലാം അവിടെ തന്നെയുണ്ട്. ഏറ്റവും പരിഗണന നല്‍കേണ്ട അട്ടപ്പാടിയോട് എല്ലാവരും എന്തിനാണിങ്ങനെ ചെയ്യുന്നതെന്നറിയില്ല.
- അഴിമതി ആരോപണങ്ങള്‍ മനപൂര്‍വം സൃഷ്ടിക്കുന്നതാണോ?
ഭരണസമിതിയില്‍ പലരും പല ബില്ലുകളും പാസാക്കാന്‍ അവിടുത്തെ സപ്ലൈയേഴ്സിന്റെ കയ്യില്‍ നിന്നും മറ്റും കൈക്കൂലി വാങ്ങിയതും അതിനായി ഫോണ്‍ വിളിച്ചതിന്റെയും പരാതികള്‍ കൃത്യ സമയത്ത് കളക്ടര്‍ക്കും മറ്റും നല്‍കിയിട്ടുണ്ട്. അതവര്‍ക്ക് പ്രശ്നമായിട്ടുണ്ടാകാം. പലതവണ ചെയ്യരുതെന്ന് പറഞ്ഞിട്ടും ആവര്‍ത്തിക്കുകയാണ്. ഇതേ ഭരണസമിതി അംഗങ്ങള്‍ തന്നെയാണ് മന്ത്രിയുടെ കൂടെ പോയത്. അവര്‍ ത്തന്നെയാണ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതും.
ഫര്‍ണിച്ചര്‍ വാങ്ങിയതുള്‍പ്പടെ കൂടുതലും കൊവിഡ് ചികിത്സയ്ക്കായാണ് വിനിയോഗിച്ചത്. അതിനൊക്കെ അവിടെ ഇഷ്യു നോട്ടും കണക്കുകളുമുണ്ട്. ഇതൊക്കെ മന്ത്രിക്ക് പറഞ്ഞ് കൊടുക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ വേണം. പാര്ട്ടിക്കാര് കൂടെ നടന്നിട്ട് എന്തെങ്കിലും പറഞ്ഞ് കൊടുത്താല്‍ മന്ത്രി അത് വിശ്വസിക്കാമോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ചോദിക്കണ്ടേ? രണ്ടുപേരും സര്‍ക്കാരിന്റെ ഭാഗം. പരസ്പര ധാരണയോടു കൂടി പോയാലല്ലേ ഇതെല്ലാം പൂര്‍ണതയിലെത്തൂ. എന്തെങ്കിലും തെറ്റിദ്ധാരണയുടെ പുറത്ത് പ്രാദേശിക രാഷ്ട്രീയക്കാര്‍ പറയുന്നത് വിശ്വസിക്കുകയാണോ വേണ്ടത്. ഒരു കൂട്ടര് പറയുന്നത് മാത്രം കേള്‍ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
- അട്ടപ്പാടി സന്ദര്‍ശനത്തിന് മുന്‍പോ ശേഷമോ ആരോഗ്യ മന്ത്രി താങ്കളുമായി സംസാരിച്ചിരുന്നോ?
ഇതുവരെ മന്ത്രി സംസാരിച്ചിട്ടില്ല. എന്റെ ഭാഗം കേള്ക്കുകയുമുണ്ടായിട്ടില്ല. ആശുപത്രിയുമായി ബന്ധപ്പെട്ടും സംസാരിച്ചിട്ടില്ല. സ്ഥലമാറ്റ ഉത്തരവ് വരിക മാത്രമാണുണ്ടായത്. അട്ടപ്പാടിയിലെ നോഡല്‍ ഓഫീസറായിട്ട് പോലും ശിശുമരണങ്ങള്‍ ഉണ്ടായ സമയത്തും മന്ത്രി വിളിച്ചിട്ടില്ല. മുന്‍ മന്ത്രിമാരുടെയൊക്കെ കാലത്ത് ഓഫീസില്‍ നിന്നോ മന്ത്രി നേരിട്ടോ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ ഈ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ അങ്ങനെയൊരു നടപടിയുണ്ടായിട്ടില്ല.
- അട്ടപ്പാടിയിലെ ആരോഗ്യമേഖലയിലെ പ്രശ്നം എന്താണ് ? ഇനിയും മെച്ചപ്പെടേണ്ടതുണ്ടോ?
ഇനിയും വളരേണ്ടതുണ്ട്. സിടി സ്കാന്‍ സൗകര്യം വേണം, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം, കാത്ത് ലാബ് വേണം. നവജാത ശിശുപരിചരണ യൂണിറ്റുകളും വിദഗ്ധരും വേണം. 2013ല്‍ ശിശുമരണത്തിന് ശേഷമാണ് വിവിധ നിയമനങ്ങള്‍ നടക്കുന്നത്. പീഡിയാട്രീഷന്‍, ഗൈനക്കോളജിസ്റ്റ്, സര്ജന് തുടങ്ങിയവയെല്ലാം വന്നത്. അതിന് മുന്നേ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വന്നതെല്ലാം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയാണ്. അങ്ങനെ വരുന്നവര്‍ക്കെല്ലാം രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവര്‍ത്തി പരിചയമേ ഉണ്ടാകു. കുടൂതല്‍ ശ്രദ്ധ വേണ്ട രോഗിയോ ഗര്‍ഭിണിയോ എത്തിയാല്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ സാധിക്കില്ല. അപ്പോള്‍ അവര്‍ റഫര്‍ ചെയ്യും. മാത്രമല്ല തൂക്കക്കുറവോടെ ജനിക്കുന്ന കുഞ്ഞിനെ പരിചരിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കില്ല.
അതിന് സീനിയര്‍ തസ്തികയിലുള്ള പീഡിയാട്രീഷന്‍ വേണം. ഈ ആവശ്യം 2017 മുതല്‍ ഹൈക്കോടതിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപടിയില്ല. അതുകൊണ്ട് ഇവിടുന്ന് റഫറന്‍സ് കൂടും. അട്ടപ്പാടിയില്‍ നിന്ന് തൃശ്ശൂരോ കോയമ്പത്തൂരോ എത്തുമ്പോഴെക്കും മരണം സംഭവിക്കും. ഇവിടെ ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് പഠന വിധേയമാക്കണം. മൊത്തം ശിശുമരണ നിരക്ക് ആദിവാസികളുടെയും അല്ലാത്തതും ചേര്‍ത്തുള്ളത് 13 ശതമാനമാണ്. കേരളത്തിന്റേത് ആറ് ശതമാനവും. ആദിവാസി അമ്മമാരുടെ കുഞ്ഞ് മരിച്ചത് മാത്രം നോക്കിയാല്‍ അത് 34 ശതമാനം ആണ്. അല്ലാത്തവരുടേത് രണ്ട് ശതമാനവും. ഇത് മറ്റ് വികസിത രാജ്യങ്ങളെക്കാള്‍ വളരെ മികച്ചതാണ്. എന്നാല്‍ വനവാസികള്‍ക്കിടയില്‍ തൂക്കക്കുറവുള്ള കുഞ്ഞുങ്ങളും, ചാപിള്ളയും ശിശുമരണവും, അബോര്‍ഷനുമെല്ലാം ഉയര്‍ന്ന് തന്നെ നില്ക്കുന്നു. എന്താണ് അവരുടെ പ്രശ്നമെന്ന് ഡബ്ല്യുഎച്ച്ഒ, അല്ലെങ്കില്‍ ഉന്നത തലത്തില്‍ പഠിച്ച് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നടപടികള്‍ ഉണ്ടാകണം.
അട്ടപ്പാടിയില്‍ ഭാരക്കുറവുള്ള കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ഇന്‍ക്യുബേറ്റര്‍, നിയോനാറ്റല്‍ ഐസിയു, റേഡിയോളജിസ്റ്റ് അതൊക്കെ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെടും. എന്നാല്‍ ഈ സൗകര്യങ്ങളൊന്നും ആശുപത്രിയിലില്ല. ഇതൊക്കെ ചെയ്യുകയും വേണം. അതാണ് അവിടുത്തെ പ്രശ്നം. ഇതിനൊക്കെ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. പിന്നെ തൂക്കക്കുറവുള്ള ഗര്‍ഭിണികളെയും അമ്മമാരെയും കുഞ്ഞുങ്ങളെയും മറ്റും ആശുപത്രിയിലെത്തിച്ച് ഭക്ഷണം നല്കി തൂക്കം കൂട്ടി വീട്ടിലേക്ക് വിടുന്നു. ഇത് സ്പൂണ്‍ ഫീഡിങ് ആണ്.
- ആദിവാസികള്‍ക്കായി നടപ്പിലാക്കിയ പദ്ധതികള്‍ ഉപകാരപ്രദമാണെന്ന് തോന്നുന്നുണ്ടോ?
ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ പദ്ധതികള്‍ കുറവാണ്. അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ അവര്‍ക്ക് ഉപകാരപ്പെടും. പദ്ധതികളുടെ സ്വീകാര്യതക്കുറവും നല്ല രീതിയില്‍ നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥരില്ലാത്തതും പ്രശ്നമാണ്. അവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയിരുന്നുവെങ്കില്‍ കൂടുതല്‍ വിജയിച്ചേനെ. വിവിധ വകുപ്പുകള്‍ വഴിയാണ് ഫണ്ടുകള്‍ വരുന്നത്. ഇതെല്ലാം ഏകീകരിക്കണം.അട്ടപ്പാടിയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കണം. ഫോറസ്റ്റ്, എക്സൈസ്, പോലീസ് എന്നിവയിലെല്ലാം അത് നടപ്പിലാക്കിയിട്ടുണ്ടല്ലോ.
- സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്ത് ഇടപെടലാണ് ആദിവാസികള്‍ക്കായി ഉണ്ടാകേണ്ടത്?
ശിശുമരണമുണ്ടാകുന്ന സമയത്തെ ഇടപെടലുകളല്ല വേണ്ടത്. ആശുപത്രികള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. അടിത്തട്ടിലാണ് ഇടപെടലുകള്‍ വേണ്ടത്. എല്ലാ ഊരുകളിലും അഞ്ഞൂറിലധികം ആളുകളുണ്ട്. അവിടെ കൃഷി ചെയ്യാനുള്ള സാഹചര്യമുണ്ട്. പശു, കോഴി ഫാം, മത്സ്യക്കൃഷി, വനംവകുപ്പിന്റെ സഹായത്തോടെ ഫെന്‍സിങ് തുടങ്ങിയവയെല്ലാം തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നല്‍കണം. ഇപ്പോള്‍ 200 തൊഴില്‍ ദിനങ്ങളുണ്ട്. അങ്ങനെ ചെയ്ത് നല്കിയാല് സര്‍ക്കാരിനും ചെലവില്ല. വിദ്യാഭ്യാസമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി തുടങ്ങിയ മേഖലകളിലേക്ക് തിരിയാം.
വിവിധ വകുപ്പുകളില്‍ കുറേ പണം വരുന്നുണ്ട്. ഇതെല്ലാം ഓരോ ഊരിനുമുള്ളത് ഏകീകരിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഭാരക്കുറവുള്ള പെണ്, ആണ്കുഞ്ഞുങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ കാലത്തെ ശുചിത്വത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഇവിടുത്തെ കൗമാരക്കാരില്‍ വന്ധ്യത കൂടുതലാണ്. ഓരോ പഞ്ചായത്തിലും മരിക്കുന്നവരുടെ എണ്ണത്തില്‍ കൂടുതല്‍ ചെറുപ്പക്കാരാണ്. മദ്യം, ലഹരി ഇതെല്ലാം കാരണമാകുന്നു. ഇങ്ങനെ പോയാല്‍ അവരുടെ വംശം ഇല്ലാതാകും. അവരുടെ എണ്ണം കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്നതും പഠിക്കണം.
സമൂഹ അടുക്കളകള്‍ വന്നതോടെ മിക്ക വീടുകളിലേയും അടുക്കളകള്‍ പൂട്ടി. സ്ത്രീകളിലും പുരുഷന്മാരിലും ലഹരി ഉപയോഗവും കൂടുതലാണ്. അവരുടെ വീടുകളിലെ അടുപ്പ് പുകയ്ക്കുന്നൊരു കാലം ഉണ്ടായില്ലെങ്കില്‍ അവരുടെ വംശനാശം ഉടനെ ഉണ്ടാകും. അവരെ കൂടുതല്‍ ആക്ടീവ് ആക്കുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മതി. അതിന് കൂടുതല്‍ ഫണ്ടൊന്നും വേണ്ട. ഇതെല്ലാം ഏകോപിപ്പിച്ച് സമഗ്രമായ ഇടപെടല്‍ നടത്താന്‍ ഐഎഎസ് തലത്തിലുള്ള മികച്ചൊരു ഉദ്യോഗസ്ഥനെ നിയമിക്കണം. ക്രിയാത്മകമായി ദീര്‍ഘവീക്ഷണത്തോടെ അവര്‍ക്കായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
അട്ടപ്പാടിയിലെ മൊത്തം ശിശുമരണ നിരക്ക് ആദിവാസികളുടെയും അല്ലാത്തതും ചേര്‍ത്തുള്ളത് 13 ശതമാനമാണ്. കേരളത്തിന്റേത് ആറ് ശതമാനവും. ആദിവാസി അമ്മമാരുടെ കുഞ്ഞ് മരിച്ചത് മാത്രം നോക്കിയാല്‍ അത് 34% ആണ്. അല്ലാത്തവരുടേത് രണ്ട് ശതമാനവും. ഇത് മറ്റ് വികസിത രാജ്യങ്ങളെക്കാള്‍ വളരെ മികച്ചതാണ്. എന്നാല്‍ വനവാസികള്‍ക്കിടയില്‍ തൂക്കക്കുറവുള്ള കുഞ്ഞുങ്ങളും, ചാപിള്ളയും ശിശുമരണവും, അബോര്‍ഷനുമെല്ലാം ഉയര്‍ന്ന് തന്നെ നില്ക്കുന്നു. എന്താണ് അവരുടെ പ്രശ്നമെന്ന് ഡബ്ല്യുഎച്ച്ഒ, അല്ലെങ്കില്‍ ഉന്നത തലത്തില്‍ പഠിച്ച് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നടപടികള്‍ ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: