അഴിമതിയുടെയും അവസരവാദത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ചെളിക്കുണ്ടില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കേരള രാഷ്ട്രീയത്തിന് വലിയൊരു തിരുത്തായിരുന്നു പി.ടി. തോമസ്. ജീവിതാന്ത്യം വരെ കോണ്‍ഗ്രസ്സ് നേതാവായിരുന്നുവെങ്കിലും ‘കോണ്‍ഗ്രസ്സ് കള്‍ച്ചര്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയത്തിലെ തിന്മകളോട് പൊരുത്തപ്പെടാതെ ഒറ്റയാള്‍ പട്ടാളമായി പൊരുതിയ മറ്റൊരു നേതാവിനെ കാണാനാവില്ല. കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലര്‍ക്കുള്ളത് ആദര്‍ശത്തിന്റെ പരിവേഷം മാത്രമാണെന്ന് അവരെ അടുത്തറിഞ്ഞിട്ടുള്ളവര്‍ക്ക് ബോധ്യമാകും. പി.ടി. തോമസ് അക്കൂട്ടത്തില്‍പ്പെടുന്നില്ല. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ആദര്‍ശത്തിന്റെ സുഗന്ധം പരത്താന്‍ കഴിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു. രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമെന്ന നിലയില്‍ ജനപക്ഷത്തുനിന്നുകൊണ്ട് നിലപാടുകള്‍ എടുക്കുകയും, പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നത് ശീലമാക്കിയ നേതാവായിരുന്നു തോമസ്.
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിച്ച് മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് സ്വന്തം മതവും പാര്‍ട്ടിയും ഒറ്റപ്പെടുത്തിയപ്പോഴും നിലപാടില്‍ ഒരിഞ്ചുപോലും മാറ്റം വരുത്താതെ നിലകൊള്ളാന്‍ തോമസിന് കഴിഞ്ഞത് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിക്കുമ്പോഴും നിയമസഭാ സാമാജികനെന്ന നിലയില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തിയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്വേച്ഛാധിപത്യത്തിനുമെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ഇത്ര വീറോടെ പൊരുതിയ മറ്റൊരാളെ ചൂണ്ടിക്കാട്ടാന്‍ പ്രയാസമാണ്. മതേതരത്വത്തിന്റെ അപ്പോസ്തലന്മാര് ചമയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ തനിനിറം, തലശ്ശേരി കലാപത്തില്‍ അവര്‍ വഹിച്ച പങ്ക് അടിവരയിട്ട് തുറന്നു കാണിക്കാന്‍ തോമസിന് കഴിഞ്ഞു. സങ്കുചിത താല്പര്യമില്ലാതെ നാടിന്റെ നന്മകളോടും സാംസ്കാരിക പാരമ്പര്യത്തോടും ചേര്‍ന്നുനിന്ന ഈ നേതാവിന് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: