കൊച്ചി: പിണറായി സര്‍ക്കാര്‍ പിടിവാശി പിടിച്ച് കെ. റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി. കെ-റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ലുകള്‍ സംസ്ഥാനത്ത് ഒരിടത്തും ഇനി സ്ഥാപിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിടി. കെ-റെയില്‍ പദ്ധതിയ്ക്കെതിരായി കോട്ടയം സ്വദേശികള്‍ നല്കിയ ഹര്‍ജിയില്‍ ഇടപെട്ട് കോടതി ഇത്തരം ഒരു ഉത്തരവിട്ടത്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റേ നല്കാന് ഹൈക്കോടതി തയാറായില്ല. സര്‍വേ ആന്‍ഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സര്‍വേ നടത്താം.
കഴിഞ്ഞ ദിവസം മുതല്‍ സ്ഥലം ഏറ്റെടുപ്പിനായി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫയര്‍ഫോഴ്സും എത്തിയിരുന്നു. കെ റെയില്‍ പദ്ധതിക്കെതിരെ ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഫയര്‍ഫോഴ്സിനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടത്തുന്നതിനിടെ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഒരു കുടുംബം പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫയര്‍ഫോഴ്സിനെ കൂടി സ്ഥലം ഏറ്റെടുപ്പിനായി കൂടെ കൂട്ടുന്നത്.
ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഇരുപതാം വാര്‍ഡില്‍ തിങ്കളാഴ്ച സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടത്തുന്നതിനിടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോലുകയായിരുന്നു. തുടര്‍ന്ന് വഞ്ചിമുക്ക് കാര്‍ത്തികയില്‍ സിന്ധുവിന്റെ വീടിന്റെ അടുക്കള ഭാഗത്ത് അളന്നു കുറ്റിയടിച്ചതോടെ സിന്ധുവും ഭര്‍ത്താവ് ഗോപകുമാറും പ്രതിഷേധിക്കുകയും ഇത് വാക്കേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. തര്‍ക്കത്തിനിടെ കുഴിയെടുത്ത ഭാഗത്ത് സിന്ധു വീണെങ്കിലും ഇതൊന്നും വകവെയ്ക്കാതെ അധികൃതര്‍ കല്ലിടല്‍ നടത്തി മടങ്ങുകയായിരുന്നു.
തൊട്ടടുത്ത് വിളയില്‍ വീട്ടില്‍ ജയകുമാറിന്റെ വീട്ടു മുറ്റത്തു കല്ലിടാന്‍ എത്തിയപ്പോള്‍ ജയകുമാറും ഭാര്യയും മകളും കല്ലിടുന്ന ഭാഗത്ത് കരിയില കൂട്ടിയിട്ട് അതിന് മുകളില്‍ കയറി നിന്നു ദേഹത്തു പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. മണിക്കൂറുകളോളം ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടുകാരെ തുടര്‍ന്ന് കളക്ടറെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
കല്ലിടല്‍ നടക്കുമെന്നു കണ്ടു സിന്ധുവും മകളും ആത്മഹത്യാ ഭീഷണി മുഴക്കി വീടിനുള്ളിലേക്കു കയറി കതടകച്ചു. തുടര്‍ന്ന് പോലീസ് വീടിന്റെ പിന്‍വാതില്‍ ചവിട്ടിത്തുറന്നു അകത്തു കയറി ഇവരെ പിന്തിരിപ്പിച്ചു. ഉച്ചയ്ക്കു ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയെങ്കിലും പ്രതിഷേധം കനത്തു. സമീപ വാസിയായ അജയകുമാറിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും വീട്ടുകാര്‍ ഗേറ്റ് പൂട്ടി ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതിനിടെ അജയകുമാറും ഭാര്യ സുധയും മകനും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ നാല് മണിയോടെ കല്ലിടുന്നത് അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. തിങ്കളാഴ്ച രണ്ടിടത്തു മാത്രമാണ് കല്ലിടാന്‍ സാധിച്ചത്. ഇതോടെ നാട്ടുകാരില്‍ നിന്നും ആത്മഹത്യ ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ കടുത്തതോടെയാണ് അഗ്നിശമന സേനകളുടെ സഹായത്തോടെസ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: