ബെംഗളൂരു: മതപരിവര്‍ത്തനങ്ങള്‍ക്കും മിശ്രവിവാഹങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍ (2021) പാസാക്കി കര്‍ണാടക നിയമസഭ. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ശക്തമായ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ ചൊവ്വാഴ്ച ബില്‍ അവതരിപ്പിച്ചിരുന്നു.
നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ക്ക് അനുസൃതമായല്ലാതെ നടത്തുന്ന മതപരിവര്‍ത്തനത്തെയാണ് നിയമവിരുദ്ധമായ പരിവര്‍ത്തനം എന്ന് ബില്ലില്‍ നിര്‍വചിച്ചിരിക്കുന്നത്. ഒരു വ്യക്തിയെ ഏതെങ്കിലും തരത്തില്‍ പ്രലോഭിപ്പിക്കുന്നതിന് സമ്മാനം, പണം മുതലായവ നല്‍കിയോ, ഭൗതിക ആനുകൂല്യങ്ങള്‍, തൊഴില്‍, സ്കൂളില്‍ സൗജന്യ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയോ മറ്റൊരു മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനേയും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുക, മെച്ചപ്പെട്ട ജീവിതശൈലി, ദൈവിക അപ്രീതി അല്ലെങ്കില്‍ മറ്റെന്തെങ്കിലും വാഗ്ദാനം ചെയ്യുന്നതിനേയും നിയമവിരുദ്ധമായ പരിവര്‍ത്തനമായി ബില്ല് നിര്‍വചിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് അവരുടെ മതം സ്വീകരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നിര്‍ബന്ധിത സ്വാധീനം, ബലപ്രയോഗം, വശീകരിക്കല്‍, മറ്റേതെങ്കിലും വഞ്ചനാപരമായ മാര്‍ഗത്തിലൂടെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് നിയമവിരുദ്ധമായ പരിവര്‍ത്തനം ബില്ല് നിരോധിക്കുന്നു.
അതേസമയം പുതിയ മതം സ്വീകരിച്ച ഒരാള്‍ തന്റെ പഴയ മതവിശ്വാസത്തിലേക്ക് തിരിച്ചു വന്നാല്‍ ഇത് ഈ നിയമപ്രകാരം ഒരു പരിവര്‍ത്തനമായി കണക്കാക്കില്ല. ബില്ല് അനുസരിച്ച്, വിവാഹത്തിന് മുമ്പോ ശേഷമോ ഒരാളെ നിര്‍ബന്ധിച്ച് മതം മാറ്റിയാല്‍ അത്തരം വിവാഹങ്ങള്‍ അസാധുവായി പ്രഖ്യാപിക്കും. അതേസമയം മതം മാറാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി നിശ്ചിത ഫോമില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള മുന്‍കൂര്‍ റിപ്പോര്‍ട്ട് കുറഞ്ഞത് അറുപത് ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് അല്ലെങ്കില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്‍പാകെ സമര്‍പ്പിക്കണം.
ഏതെങ്കിലും മാനദണ്ഡങ്ങളുടെ ലംഘനം നിര്‍ദ്ദിഷ്ട പരിവര്‍ത്തനത്തെ നിയമവിരുദ്ധവും അസാധുവാക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. പ്രഥമദൃഷ്ട്യാ റിപ്പോര്‍ട്ടില്‍ സംശയമുണ്ടെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന് ഇത്തരം മതപരിവര്‍ത്തനം ഒരു നിശ്ചിത കാലയളവിലേക്ക് നിര്‍ത്തിവെക്കാം. വ്യവസ്ഥകള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.
മാത്രമല്ല, നിര്‍ബന്ധിത പരിവര്‍ത്തനത്തില്‍ ഏതെങ്കിലും മതസ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ സംഘടനയുടെയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തി നിയമപ്രകാരം ശിക്ഷയ്ക്ക വിധേയമാകുമെന്നും സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കും. ഈ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന മതസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു സാമ്പത്തിക സഹായമോ ഗ്രാന്റോ നല്‍കില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: