തൃശ്ശൂര്‍: വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെ പരിപാലനം സ്വകാര്യസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കൈമാറാന്‍ നിര്‍ദ്ദേശവുമായി മാസ്റ്റര്‍പ്ലാന്‍. കൊച്ചിന് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്.
മൈതാനം ഏഴ് ഭാഗങ്ങളായിതിരിച്ച് ഓരോ ഭാഗത്തിനും സൗന്ദര്യവത്കരണത്തിന് സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനും പരിപാലനം അവരെ ഏല്പിക്കാനുമാണ് ആലോചന. പൊതുയോഗങ്ങള്‍ നടക്കുന്ന വിദ്യാര്‍ത്ഥി കോര്‍ണറിലും നായ്ക്കനാലിലും സ്ഥിരം ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കാനും ആലോചനയുണ്ട്. നിര്‍മ്മാണത്തിനും പരിപാലനത്തിനും സ്വകാര്യ സ്ഥാപനങ്ങളെയോ, വ്യക്തികളേയോ ഏല്‍പ്പിക്കും.
ക്ഷേത്ര മൈതാനത്തിന് ചുറ്റും മരങ്ങളുടെ ഇടയിലൂടെ നടപ്പാത നിര്‍മ്മിക്കും. ചുറ്റുമതില്‍ ഉയരം കൂട്ടാതെ പുതുക്കി പണിയും. മൈതാനത്ത് വിളക്കുകള്‍ സ്ഥാപിക്കും, പുല്ലുകളും ചെടികളും വച്ച് പിടിപ്പിക്കും, മരങ്ങളുടെ തറ നിര്‍മ്മിക്കും, നിലവിലുള്ള റോഡുകള്‍ നവീകരിക്കും. തുടങ്ങിയവയാണ് മാസ്റ്റര്‍ പ്ലാനിലുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍.
നെഹ്രുമണ്ഡപം, വിദ്യാര്ത്ഥികോര്ണര്, ലേബര്‍ കോര്‍ണര്‍ തുടങ്ങിയവ നവീകരിക്കുവാനും നിലവിലെ കിണറുകള്‍ പുതുക്കിപണിയുന്നതിനും നിര്‍ദ്ദേശമുണ്ട്. മാസ്റ്റര്‍പ്ലാന്‍ റിപ്പോര്‍ട്ട് കൊച്ചിന് ദേവസ്വം ബോര്‍ഡിന് കൈമാറി. ഇന്ടെക് എന്ന സ്വകാര്യ ഏജന്‍സിയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. മൈതാനത്തിന്റെ നിയന്ത്രണം സ്വകാര്യ മേഖലക്ക് കൈമാറുന്നതോടെ ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും മൈതാനത്ത് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പ്രവേശന ഫീസ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ആശങ്കയുമുണ്ട്.
പാര്‍ക്ക് ആക്കി മാറ്റാന്‍ അനുവദിക്കില്ല
അതേസമയം സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ പലപ്പോഴായി അവതരിക്കപ്പെട്ടിട്ടുള്ള പ്രൊജക്ടുകള്‍ വഴി വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ പാര്‍ക്ക് ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൈതാനത്ത് കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുന്നതും മറ്റ് നിര്‍മ്മാണങ്ങളും അനുവദിക്കാന്‍ കഴിയില്ലെന്ന് ഹിന്ദുഐക്യവേദി വ്യക്തമാക്കി. കോര്‍പ്പറേഷന്റെ ഒത്താശയോടെ അനധികൃത നിര്‍മ്മാണങ്ങളും ക്ഷേത്രഭൂമി കൈയേറ്റവുമാണ് ഉദ്ദേശിക്കുന്നതെങ്കിലും പ്രതിഷേധിക്കും. മൈതാനത്ത് സ്ഥിരം കാര്‍ പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന സൗന്ദര്യവല്‍ക്കരണം ക്ഷേത്രം തന്ത്രിയുടെയും ഭക്തജനങ്ങളുടെയും അഭിപ്രായങ്ങള്‍ മാനിച്ച് കൊണ്ട് വേണം നടപ്പാക്കാനെന്നും വിവിധ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.
പൈതൃക മേഖലയായി നിലനിര്‍ത്തും
മൈതാനത്തിന്റെ സ്വാഭാവികത ഒട്ടും ചോരാതെ പൈതൃകത്തിന് പ്രാധാന്യം നല്കി ഒരു ജൈവ വൈവിദ്ധ്യ മേഖലയായി നിലനിര്‍ത്തുമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.നന്ദകുമാര്‍ പറഞ്ഞു. മൈതാനത്തെ സോണുകളായി തിരിച്ച് സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുക. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അത് ഭക്തജനങ്ങളെയും പൊതുജനങ്ങളെയും അറിയച്ചതിനുശേഷമേ പദ്ധതികള്‍ നടപ്പിലാക്കുകയുള്ളൂ. പുതിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒന്നും തന്നെ മൈതാനത്ത് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: