മാനന്തവാടി: കാടും നാടും ഇളക്കി സര്‍വ്വസന്നാഹത്തോടെ വനംവകുപ്പ് നടത്തുന്ന കടുവയെ പിടികൂടാനുള്ള ദൗത്യം ഫലപ്രാപ്തിയില്ലാതെ നീളുന്നു. കടുവ ഇപ്പോഴും കാണാമറയത്തു തന്നെ. നാടും കാടും അരിച്ച് പെറുക്കിയിട്ടും കടുവയെ കണ്ടില്ലെന്ന് വനപാലകര്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വനമേഖലയിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്പ്പാടുകള്പ്പോലും കണ്ടെത്താനായില്ല. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍പ്പെട്ട ബാവലി സെക്ഷനിലെ കാട്ടിക്കുളം ദേവട്ടം രണ്ടാം ഗേറ്റ്, കാവേരി പൊയില്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കടുവയെ ലൊക്കേറ്റ് ചെയ്തു പിടിയിലാകാന്‍ അധികം താമസമില്ല എന്ന പ്രചരണം ഇനി എത്രനാള്‍ കൂടി നീളുമെന്നതാണ് നാട്ടുകാരുടെ ചോദ്യം. കാലം ഇത്രയധികം പുരോഗമിച്ചിട്ടും നാട്ടിലെ ഒരു കടുവയെ പിടികൂടാന്‍ കഴിയാത്ത ശാസ്ത്രീയ സംവിധാനങ്ങളും നാട്ടുകാര്‍ക്ക് വിശ്വാസ്യത നഷ്ടപെടുന്ന തരത്തിലേക്കാണ് നീങ്ങുന്നത്.
ഇരുപത്തിനാല് ദിവസം മുമ്പ് നാട്ടിലിറങ്ങിയ കടുവ കഴിഞ്ഞ ആറ് ദിവസമായി വളര്‍ത്ത് മൃഗങ്ങളെ പിടികൂടിയില്ല എന്നത് മാത്രമാണ് നാട്ടുകാരുടെ ഏക ആശ്വാസം. അധികാരികള്‍ കടുവയുടെ പിന്നാലെ നടക്കുമ്പോഴും ജീവിതമാര്‍ഗ്ഗം പരിമിതപ്പെട്ട നിസഹായവസ്ഥയിലാണ് പാല്‍വെളിച്ചം, കുറുക്കന്മൂല, പയ്യമ്പള്ളി, പുതിയിടം, ചെറൂര്, പടമല പ്രദേശത്തെ നാട്ടുകാര്‍. കടുവയുടെ നീക്കങ്ങള്‍ സംബന്ധിച്ച് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി നല്കുന്ന വിവരങ്ങള്‍ അവിശ്വസനീയമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വന്‍ സന്നാഹത്തോടെ നാട്ടിലും കാട്ടിലും ആഴ്ചകളോളമായി വനംവകുപ്പ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തുന്നു. കടുവയെ മയക്ക് വെടിവെക്കേണ്ടി വരുമെന്നതിനാലാണ് കടുവയെ കണ്ടിട്ടും കണ്ടില്ലെന്ന് പറയുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
കടുവയുടെ കഴുത്തിന് ചുറ്റുമുള്ള മുറിവ് എത്രമാത്രം ഗുരുതരമാണ് എന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ ധാരണ ഇല്ലായെന്ന് വേണം മനസ്സിലാക്കാന്‍. ഇതിനകം പഴുപ്പു വര്‍ദ്ധിച്ച് പുഴുവരിക്കേണ്ടതായിരുന്നു. മാത്രമല്ല ഈച്ചയുടെ അടക്കം ശല്യവും വേദനയും നിമിത്തം കടുവ കൂടുതല്‍ അസ്വസ്ഥനും അനാരോഗ്യമുള്ളവനുമായി മാറേണ്ടതായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലായി വനംവകുപ്പിന് ലഭിച്ച ചിത്രത്തിലും കടുവയുടെ ആരോഗ്യസ്ഥിതി മോശമാണ് എന്ന നിലയിലുള്ള സൂചനകളില്ല എന്നാണ് മനസിലാക്കേണ്ടത്.
കടുവയുടെ യാത്രയുടെ വേഗത കുറഞ്ഞു എന്ന സൂചന കഴിഞ്ഞ ദിവസം വനംവകുപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തി എന്ന് വനം വകുപ്പ് അവകാശപ്പെട്ടിരുന്ന സ്ഥലത്ത് നിന്നും മറ്റൊരു ദിശയില്‍ സഞ്ചരിച്ച് വീണ്ടും തിരികെ എത്തുന്ന കടുവയുടെ ചിത്രം ഏറ്റവും ഒടുവിലായി വനംവകുപ്പിന്റെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. അതിന് മുമ്പുള്ള ദിവസങ്ങളില്‍ കുറുക്കന് മൂലയില്‍ നിന്നും പുതിയിടത്തേക്കും തിരിച്ചും കടുവ ചുരുങ്ങിയ മണിക്കൂറുകള്‍ക്കിടയില്‍ സഞ്ചരിച്ചിരുന്നു. പുതിയിടത്തെ സ്വകാര്യ വ്യക്തിയുടെ സിസിടിവി കാമറയില്‍ പതിഞ്ഞപ്പോഴും കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങളോ ക്ഷീണമോ ഉള്ളതിന്റെ പ്രകടമായ സൂചനകള്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ അഞ്ച് ദിവസമായി കാട് വിട്ട് പുറത്തിറങ്ങാത്ത കടുവ കാടിനുളളില്‍ ചുരുങ്ങിയ ചുറ്റളവിനുള്ളില്‍ ചുറ്റികറങ്ങുകയാണെന്നാണ് വനം വകുപ്പ് പറയുന്നത്. ഇത്തരം വാക്കുകള്‍ എത്രമാത്രം ശരിയാണ് എന്നതാണ് നാട്ടുകാരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: