തിരുവനന്തപുരം : ബിജെപി നേതാവ് രണ്‍ജീത് വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി എഡിജിപി വിജയ് സാഖറെ. പ്രതികള്‍ക്ക് പുറത്തുനിന്നും സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ മൊബൈല്‍ ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഇവരെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും എഡിജിപി അറിയിച്ചു.
പോലീസ് പ്രതികളുടെ പിന്നാലെ തന്നെയുണ്ട്. എന്നാല്‍ ഇവര്‍ മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു. പ്രതികള്‍ എല്ലാവരും ഒളിച്ചിരിക്കുകയാണ്. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരെയും പിടികൂടുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രാഥമിക പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ നടന്ന രണ്ട് കൊലക്കേസുകളിലും കഴിഞ്ഞ ദിവസം തന്നെ പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകള്‍ ലഭിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരും എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തവരും കൊലപാതകസംഘത്തിനു സഹായം ചെയ്തവരുമാണിത്. രണ്ട് കേസിലും കൃത്യം നടത്തിയവര്‍ ഒളിവിലാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകികളേയും ഇതിനു കൂട്ടുനിന്നവരെയും കണ്ടെത്താന്‍ പോലീസിന്റെ നാല് സൈബര്‍ സെല്ലുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കാര്യമായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ സംശയം തോന്നുന്ന 250-ലധികംവീടുകളില്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: