ഓമല്ലൂര്‍: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണം മാര്‍ക്കറ്റ് ജങ്ഷനിലൂടെ മൂക്ക് പൊത്താതെ നടക്കാനാകില്ലെന്ന് നാട്ടുകാരും വ്യാപാരി വ്യവസായികളും ഒരുപോലെ പരാതിപ്പെടുന്നു. മാര്‍ക്കറ്റിനുള്ളില്‍ തന്നെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മാലിന്യസംസ്ക്കരണ സംവിധാനങ്ങള്‍ ഒന്നും പഞ്ചായത്തില്‍ കാര്യക്ഷമമല്ല. മാലിന്യ നിര്‍മാര്‍ജനത്തിന് പല പദ്ധതികളും തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഒന്നും പൂര്‍ത്തീകരിക്കാന്‍ ഭരണസമിതിക്ക് ആയിട്ടില്ല.
2012 ജൂണ്‍ ഏഴിന് ആധുനിക അറവുശാലയുടെയും ഖരമാലിന്യ പ്ലാന്റിന്റെയും നിര്‍മാണ ഉദ്ഘാടനം നടത്തിയിരുന്നു. പത്തു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അവ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ല. 85 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മാലിന്യ സംസ്കരണ പ്ലാന്റ് കാട് കയറി നശിച്ചു തുടങ്ങി. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ജൈവമാലിന്യ കളക്ഷന്‍ സെന്ററില്‍ നിന്നും അവ ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്ന ജീപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്തു നശിച്ചു. മാലിന്യ നിര്‍മ്മാര്‍ജനത്തിന് കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക സഹായം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നിലനില്‍ക്കുമ്പോഴും അവ ഒന്നും പ്രാവര്‍ത്തികമാക്കാതെ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങള്‍ പോലും മാലിന്യക്കൂമ്പാരം ആക്കുകയാണ് ഭരണസമിതി എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടില്ല.ഏകോപനം ഇല്ലാത്ത പഞ്ചായത്ത് ഭരണസമിതിയില്‍ ഭരണ ഭക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടു തട്ടിലാണ്.
കഴിഞ്ഞ ഒരു വര്‍ഷം ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തി. എല്ലാവര്‍ഷവും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തില്‍ മഴ നിന്നതോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത്തവണയും കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങി.കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ പഞ്ചായത്ത് തലത്തില്‍ യാതൊരു ആലോചനയോഗം പോലും നടത്തിയിട്ടില്ല.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ കണക്ഷന് 25ശതമാനം സ്ഥലത്ത് മാത്രമേ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. പ്രധാനമന്ത്രിയുടെ ജല്‍ ജീവന് പദ്ധതി പഞ്ചായത്തില്‍ അട്ടിമറിക്കപ്പെട്ടു.90ശതമാനം റോഡുകളും പഞ്ചായത്തില്‍ സഞ്ചാരയോഗ്യമല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: