നിലപാടുകളിലെ കാര്‍ക്കശ്യം, ഇടപെടലുകളിലെ സൗമ്യത…പി.ടി. തോമസിനെ ഏറ്റവും ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. പരിസ്ഥിതി സംരക്ഷണത്തിലെ ആത്മാര്‍ത്ഥതയും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി സമരസപ്പെടാത്ത മനോഭാവവും സമന്വയിച്ചിരുന്നു പി.ടി തോമസില്‍. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കൊണ്ട് എതിരാളികളെ മാത്രമല്ല സ്വന്തം പാര്‍ട്ടിയേയും അമ്പരപ്പിച്ചു അദ്ദേഹം.
അഞ്ചു പതിറ്റാണ്ടായി കേരളം മുഴുവന്‍ നിറഞ്ഞു നിന്നു പി.ടി. തോമസ്. രാഷ്‌ട്രീയത്തിന് അതീതമായി പൊതുസമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. ബോധ്യമായ ശരി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പി.ടി. ഒന്നിനേയും ഭയന്നില്ല. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കപ്പുറം പരിസ്ഥിതിക്ക് വേണ്ടി നിലപാട് സ്വീകരിച്ചതിന് സ്വന്തം ശവഘോഷയാത്രകള്‍ കാണേണ്ടിവന്ന രാഷ്‌ട്രീയപ്രവര്‍ത്തകന്‍. മനസ്സിനെ വേദനിപ്പിച്ച ആ സംഭവത്തിന്റെ പേരില്‍ കത്തോലിക്കാസഭാ നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കാനും അദ്ദേഹം മടിച്ചില്ല. ജീവിച്ചിരിക്കുന്ന തനിക്ക് സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയതിന് ബിഷപ്പുമാര്‍ ഉള്‍പ്പെടെ മാപ്പുപറയണമെന്ന് അദ്ദേഹം പലകുറി ആവശ്യപ്പെട്ടെങ്കിലും കത്തോലിക്കാസഭ മുഖം തിരിച്ചു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെയും കാലാവസ്ഥയെയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ സഭ ശക്തമായി രംഗത്തുവന്ന സമയമായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും തുടര്‍ന്ന് ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായില്ല. കോണ്‍ഗ്രസും അദ്ദേഹത്തെ കൈവിടുക മാത്രമല്ല, ഒറ്റപ്പെടുത്തുകയും ചെയ്തു. 2004ല്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ സീറ്റ് നിഷധിച്ചു. എങ്കിലും നിലപാടില്‍ വിട്ടുവീഴ്ചക്ക് അദ്ദേഹം തയ്യാറായില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കെയാണ് പി.ടിയുടെ വിയോഗം.
വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന അപൂര്‍വ്വം സാമാജികരില്‍ ഒരാളായിരുന്നു പിടി. കേരള രാഷ്ട്രീയത്തിലെന്നും ഒരു വിമതശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. മറുവശത്തെ പാര്‍ട്ടികളില്‍ നിന്നു മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പുണ്ടായിട്ടും ഒരിക്കലും കീഴടങ്ങാത്തയാള്‍.
വലിപ്പച്ചെറുപ്പം നോക്കാതെ നേതാക്കളെ ചോദ്യം ചെയ്യേണ്ടിടത്ത് അതിന് മുന്നോട്ടുവന്നു എന്നത് പി.ടിയുടെ സവിശേഷതയാണ്. അതിന്റെ പേരിലുണ്ടായ രാഷ്‌ട്രീയ നഷ്ടങ്ങള്‍ പോലും അദ്ദേഹം വകവെച്ചിരുന്നില്ല. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലുമാണെങ്കില്‍പ്പോലും ഒരിക്കലും നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല. തികഞ്ഞ മതേതരവാദിയായ നേതാവ് എന്നു കൂടി തോമസിനെ കുറിച്ച് പറയാം. ജാതിയുടെ വേലിക്കെട്ടില്‍ കുരുങ്ങിക്കിടക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പ്രണയ വിവാഹമായിരുന്നു. അത് മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതുമായിരുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി വാക്പ്പോരുകള്‍ക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ മരം മുറി വിഷയത്തില്‍ പോലും പി.ടി തോമസായിരുന്നു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. മഹാരാജാസ് കോളേജില്‍ കെഎസ്‌യു നേതാവായി ഉയര്‍ന്നുവന്ന പി.ടി ക്യാമ്പസ് കാലം മുതല്‍ തന്നെ ഒരു പോരാളിയായിരുന്നു. പി.ടിയെ അര്‍ബുദം കീഴടക്കിയപ്പോള്‍ നഷ്ടമാകുന്നത് വേറിട്ട രാഷ്‌ട്രീയക്കാരനേയും ആദര്‍ശ രാഷ്‌ട്രീയത്തിന്റെ കണ്ണിയേയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: