മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപി തെലുങ്കില്‍ വലിയൊരു സ്റ്റാറാണെന്ന് ‘പുഷ്പ’ സിനിമയുടെ സംവിധായകന് സുകുമാര്‍. മലയാളി നടന്മാരെ ഇഷ്ടപ്പെടുന്നവര്‍ തെലുങ്കില്‍ ഒരുപാട് പേരുണ്ട്. ‘സുരേഷ് ഗോപിയെന്ന് പറഞ്ഞാല്‍ വലിയൊരു സ്റ്റാറാണ് ഇവിടെ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത സിനിമകളും സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. സ്ഥിരമായി മലയാള സിനിമകള്‍ കാണുന്നവരുടെ കൂട്ടത്തില്‍ പെടുന്നയാളാണ് ഈ ഞാനുമെന്ന് ഡൂള്‍ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സുകുമാര്‍ പറഞ്ഞു.
പണ്ട് മുതലേ മലയാള ചിത്രങ്ങള്‍ കാണാറുണ്ടെന്നും അന്ന് സംവിധായകന് കമലിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ മലയാളികള്‍ക്ക് എന്നെ അറിയുമെന്ന് പോലും ഞാന്‍ കരുതുന്നില്ല. വെറുതെ പറയുന്നതല്ല, അവര്‍ എന്റെ സിനിമകള്‍ക്കായി പ്രത്യേകം കാത്തിരിക്കുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. അതല്ല, മലയാളി സിനിമാപ്രേക്ഷകര്‍ക്ക് എന്നെ അറിയാമെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അതൊരു മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. കാരണം എനിക്ക് മലയാള സിനിമകള്‍ അത്രയ്ക്ക് ഇഷ്ടമാണ്.
പുഷ്പ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായാണ് പ്രദര്‍ശനം നടത്തുന്നത്. റിലീസ് ചെയ്ത് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ആഗോള കലക്ഷനില്‍ 173 കോടിരൂപ ലഭിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. കേരളത്തില്‍ നിന്നും രണ്ടര കോടിയും തമിഴ്നാട്ടില്‍ നിന്നും മൂന്നര കോടിയുമാണ് ചിത്രത്തിന്റെ ആദ്യ ദിന കലക്ഷന്‍. മൂന്നാം ദിവസം മഹാരാഷ്ട്രയില്‍ നിന്നും 12 കോടിയാണ് കലക്ഷന്‍.
ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ‘പുഷ്പ’. അല്ലു അര്ജുന് നായകനാകുന്ന ‘പുഷ്പ’യില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കില്‍ ഗംഭീരമേക്കോവറിലാണ് താരത്തെ കാണാനാകുക.
കള്ളക്കടത്തുകാരന് പുഷ്പരാജ് ആയി അല്ലു എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉള്‍വനങ്ങളില്‍ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: