ന്യൂദല്‍ഹി:ഭാരതത്തിലെ ഏത് സംസ്ഥാനങ്ങളിലും നിയമപരമായി അനുവാദമുള്ള ബിഎച്ച് സീരീസ് അഥവാ ഭാരത് സീരീസ് വാഹന രജിസ്ട്രേഷന് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ ഒരു സംസ്ഥാനത്തില്‍ നിന്നും വേറൊരു സംസ്ഥാനത്തിലേക്ക് വാഹനം കൊണ്ടുപോകുമ്പോള്‍ രജിസ്ട്രേഷനില്‍ മാറ്റം വരുത്തണമെന്ന വലിയ കടമ്പ ഒഴിവാക്കാനാകും.
നിരന്തരം സംസ്ഥാനാന്തര സ്ഥലംമാറ്റം ലഭിക്കുന്ന കേന്ദ്രസര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ക്ക് വലിയ അനുഗ്രഹമായിരിക്കും ഈ പുതിയ പരിഷ്കാരം. ബിഎച്ച് അഥവാ ഭാരത് എന്ന പുതിയ രജിസ്ട്രേഷന് സീരീസ് രാജ്യത്തുടനീളമുള്ള പുതിയ സ്വകാര്യ വാഹനങ്ങള്‍ക്ക് ബാധകമാക്കുമെന്ന് ബുധനാഴ്ച സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
പുതിയ സീരീസായ ബിഎച്ച് സീരീസ് സര്‍ക്കാര്‍ അനുവദിച്ചതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രിയായ നിതിന്‍ ഗാഡ്കരി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ വ്യക്തിഗത വാഹനങ്ങള്‍ക്ക് ഒരു സംസ്ഥാനം വിട്ട് വേറെ സംസ്ഥാനത്തേക്ക് പോകേണ്ട ഘട്ടം വന്നാല്‍ വാഹന രജിസ്ട്രേഷന് മാര്‍ക്കില്‍ മാറ്റം വരുത്തേണ്ടതില്ല. എന്തായാലും ഇടയ്ക്കിടെ സംസ്ഥാനങ്ങള്‍ മാറി ജോലി ചെയ്യേണ്ടിവരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ജോലിമാറ്റം സുഗമമാകും.
പ്രതിരോധമേഖലയില്‍ ജോലി ചെയ്യുന്നവര്‍, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ബിഎച്ച് സീരിസ് രജിസ്ട്രേഷന് ലഭിക്കാന്‍ മുന്‍ഗണന ഉണ്ടായിരിക്കും. പല സംസ്ഥാനങ്ങളില്‍ ഓഫീസുകള്‍ ഉള്ള കമ്പനികള്‍, ബിസിനസ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നിവയ്ക്കും ബിഎച്ച് സീരീസ് രജിസ്ട്രേഷന് ഗുണം ചെയ്യും.
സ്വകാര്യവാഹനങ്ങള്‍ക്ക് ബിഎച്ച് രജിസ്ട്രേഷന് ലഭിക്കാന്‍ രണ്ട് വര്‍ഷത്തെ വാഹനടാക്സ് അടയ്ക്കണം. കര്‍ണ്ണാടകയില്‍ ബിഎച്ച് പരമ്പരയിലുള്ള രജിസ്ട്രേഷന് നമ്പറുകള്‍ തെരഞ്ഞെടുത്ത ഏതാനും ഗ്രൂപ്പുകളുടെ സ്വകാര്യവാഹനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: