മുട്ടം: 30 ലക്ഷത്തിന് മുകളില്‍ കുടിശ്ശിക വന്നതോടെ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി(എംവിഐപി)യുടെ ഭാഗമായ മലങ്കര അണക്കെട്ടിലേയും അനുബന്ധ ഓഫീസുകളുടേയും വൈദ്യുതി കണക്ഷന് കെഎസ്ഇബി വിച്ഛേദിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കെഎസ്ഇബി തൊടുപുഴ എഎക്സി, എഇ എന്നിവരുടെ നേതൃത്വത്തിലെത്തിയാണ് 4 കണക്ഷനുകള്‍ വിച്ഛേദിച്ചത്.
എഎക്സ്ഇ മൂന്ന് മാസത്തെ സാവകാശം തേടി കത്ത് നല്‍കിയതോടെ രാത്രിയോടെ അണക്കെട്ടിലെ മാത്രം വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മലങ്കര അണക്കെട്ട്(എഇ ഓഫീസ്), യാര്‍ഡ് ലൈറ്റിങ്, എംവിഐപി എഎക്സ്ഇ ഓഫീസ്, എംവിഐപി റസ്ക്യൂ ഹൗസ് എന്നിവയുടെ കണക്ഷനാണ് റദ്ദാക്കിയത്. ഇതിലൊരു കണക്ഷന് തൊടുപുഴ സെക്ഷന്‍ നമ്പര്‍ ഒന്നിന് കീഴിലും ബാക്കിയുള്ള മൂലമറ്റത്തിന് കീഴിലുമാണ്.
2012 മുതലുള്ള തുകയാണ് കുടിശ്ശികയുള്ളത്. 2016 വരെ ആകെ 76,000 രൂപയാണ് എംവഐപി അടച്ചത്. പിന്നീട് 2018ലും കുറച്ച് പണം അടച്ചിരുന്നു. ബില്‍ കുടിശ്ശിക സംബന്ധിച്ചും കണക്ഷന് വിച്ഛേദിക്കുന്നത് സംബന്ധിച്ചും എംവിഐപി അധികൃതരെ നിരവധി പ്രാവശ്യം വിവരം അറിയിച്ചിരുന്നതായി കെഎസ്ഇബി സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. അവസാനമായി കിഴിഞ്ഞമാസം 19നും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി എംവിഐപി അധികൃതരും വ്യക്തമാക്കി.
അണക്കെട്ടിനോട് ചേര്‍ന്നുള്ള കെഎസ്ഇബിയുടെ ചെറുകിട ജലവൈദ്യുതി പദ്ധതിയ്ക്കായി നല്കിയ സ്ഥലത്തിന്റെ പാട്ടത്തുക കുടിശ്ശിക ആയതിനാലാണ് ബില്‍ അടക്കാത്തത്. പദ്ധതി സ്ഥാപിച്ച ശേഷം മുതല്‍ പാട്ടത്തുക പുതുക്കി നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ തുക എടുത്ത ശേഷം ബാലന്‍സ് അടക്കേണ്ടി വന്നാല്‍ അത് അടക്കാമെന്നാണ് കരാര്‍ എന്നും അധികൃതര്‍ പറയുന്നു. വലിയ തുക അടയ്ക്കാനുള്ള സാഹചര്യത്തില്‍ കെഎസ്ഇബിക്ക് നല്‍കാനുള്ള വൈദ്യുതി കുടിശ്ശിക, പാട്ട കുടിശ്ശികയില്‍ നിന്ന് കുറവ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവും ഇറക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് എംവിഐപി കെഎസ്ഇബിക്ക് കത്തും നല്‍കിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് കണക്ഷന് വിച്ഛേദിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
അണക്കെട്ടിലെ വെള്ളത്തിന്റെ തോത് നിയന്ത്രിക്കുന്നത് പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ ഇതോടെ സ്തംഭിച്ചു. പിന്നീട് വൈകിട്ടാണ് അണക്കെട്ടിലേക്കുള്ള കണക്ഷന് പുനസ്ഥാപിച്ചത്. അതേ സമയം ഓഫീസുകളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചമട്ടാണ്. തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഫോണില്‍ ചിത്രം പകര്‍ത്തി വാട്സ് ആപ്പ് വഴിയാണ് അയക്കുന്നത്. കണക്ഷന് ലഭിക്കാന്‍ വൈകുന്തോറം പ്രവര്‍ത്തനം കൂടുതല്‍ അവതാളത്തിലാകും. നിലവില്‍ കനാല്‍ അറ്റകുറ്റപണികള്‍ നടക്കുകയാണ്. അടുത്തമാസം ആദ്യത്തോടെ കനാല്‍ വഴി വെള്ളം വിടാനുമുണ്ട്. ഇതിനാല്‍ ഓഫീസ് പ്രവര്‍ത്തനം നിലച്ചാല്‍ അത് വൈകാന്‍ കാരണമാകുമെന്നും എംവിഐപി അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ പാട്ടക്കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ വകുപ്പ് തലത്തില്‍ തീരുമാനമാക്കണമെന്നുമാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കിയത്. ആവര്‍ത്തിച്ച് കത്ത് നല്‍കിയിട്ടും കൃത്യമായ മറുപടി പോലും ലഭിക്കാത്തതിനാലാണ് നടപടിയെന്നും കെഎസ്ഇബി അറിയിച്ചു. അതേ സമയം വലിയ തുക കുടിശ്ശിക ആയിട്ടും ജലസേചന വകുപ്പ് മന്ത്രിയും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: