തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ പുനര്‍ നിയമനത്തെ ന്യായീകരിച്ച് സര്‍ക്കാരും നിയമവിരുദ്ധമാണെന്ന് ഗവര്‍ണറും നിലപാടെടുത്താല്‍ സമീപകാലത്തെങ്ങുമില്ലാത്ത ഗവര്‍ണര്‍-സര്‍ക്കാര്‍ നിയമപോരാട്ടത്തിനാവും കേരളം സാക്ഷിയാവുക. ഗവര്‍ണര്‍ക്കായി ഹാജരാകാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ നിലപാടെടുത്തതോടെ ഗവര്‍ണര്‍ക്കായി നിയമോപദേശകന് ജെയ്ജി ബാബുവാവും ഹാജരാവുക. ചാന്‍സലറായ ഗവര്‍ണര്‍ക്കായി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ (എജി) കെ. ഗോപാലകൃഷ്ണകുറുപ്പ് ഹാജരാകില്ലെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
പുനര്‍നിയമനക്കേസിലെ അപ്പീല്‍ ഡിവിഷന്‍ബഞ്ച് ജനുവരി 12ന് കേസ് പരിഗണിക്കുമ്പോള്‍ പരിഗണിക്കുമ്പോള്‍ സ്വന്തം അഭിഭാഷകനെ ഗവര്‍ണര്‍ നിയോഗിക്കും. ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടും തുടരുന്നതിനിടെ എജി കെ. ഗോപാലകൃഷ്ണകുറുപ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ താന്‍ ആവശ്യപ്പെടാതെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കി സര്‍ക്കാര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി നിയമവിരുദ്ധമായ ഉത്തരവിറക്കിച്ചെന്നാണ് ഗവര്‍ണറുടെ വാദം. ഗവര്‍ണറുടെ വാദത്തെ ബലപ്പെടുത്തുന്നതായിരുന്നു എജി ഗവര്‍ണര്‍ കൂടിക്കാഴ്ച്ച. കേസില്‍ ഒന്നാം എതിര്‍കക്ഷി ഗവര്‍ണറും രണ്ടാം എതിര്‍കക്ഷി സര്‍ക്കാരുമാണ്.
ഗവര്‍ണര്‍ക്കു വേണ്ടി ഹാജരാകാന്‍ രാജ്ഭവന് എജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതേ കേസില്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കുകയും ഹാജരാകുകയും ചെയ്യുന്ന എജി ഗവര്‍ണര്‍ക്കുവേണ്ടിയും ഹാജരാകുന്നതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നാണ് വിശദീകരണം. വിസി നിയമനത്തില്‍ സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും വ്യത്യസ്ത നിലപാടുകളും എജിയുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നു കാണിച്ച് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തുനല്‍കിയതും പിന്മാറ്റത്തിനു കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: