കൊച്ചി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ക്രിസ്തീയ സഭകള്‍. വിവാഹപ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നതായി കെസിബിസി അധ്യക്ഷന്‍ കൂടിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.
കാനോന്‍ നിയമപ്രകാരം വിവാഹപ്രായം 18 വയസാണ്, എന്നാല്‍ എത്ര വയസായിരിക്കണം വിവാഹപ്രായം എന്നതിവനെക്കുറിച്ച് സഭയക്ക് പ്രത്യേക അഭിപ്രായമില്ല. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അംഗീകരിക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്സഭയില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ചു. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. വിവാഹ ഏകീകരണ ബില്ലില്‍ സത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
വിവാഹ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യം ഉന്നയിക്കുന്ന ബില്ലിന് മതേതര മുഖമാണെന്ന് അറിയിച്ചുകൊണ്ടാണ് സ്മൃതി ഇറാനി ബില്‍ അവതരിപ്പിച്ചത്. തുല്യതയ്ക്കും വേണ്ടിയുള്ളതാണ് ഇത്. എല്ലാ മതങ്ങള്‍ക്കും ഇത് ബാധകം. ബില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
അതേസമയം പ്രതിപക്ഷാംഗങ്ങള്‍ ബില്‍ സഭയില്‍ കീറിയെറിഞ്ഞു. ബില്ലിനെതിരെ പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ ഈ ബില്ലിനെ ആരും അപമാനിക്കരുത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ നിയമം. തുല്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും സ്മൃതി ഇറാനി മറുപടി നല്കി. തുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് വിട്ടു.
മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക,വിളര്‍ച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുമെന്ന് കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ നിയമമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: