എരുമേലി: ശബരിമല തീർഥാടകരുടെ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാൻ നടപടിയായി. കഴിഞ്ഞ രണ്ടു വർഷം അടച്ചിട്ട എരുമേലി മുതൽ പമ്പ വരെയുള്ള പരമ്പരാഗത കാനന പാതയാണ് തുറക്കാൻ തീരുമാനമായിരിക്കുന്നത്.
എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് 16ന് വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പസേവാ സമാജം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ നൂറുകണക്കിന് അയ്യപ്പ വിശ്വാസികൾ പങ്കെടുത്ത പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പരമ്പരാഗത കാനനപാതയിലെ പ്രധാനപ്പെട്ട താവളങ്ങളായ കോയിക്കക്കാവ്, കാളകെട്ടി, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, പുതുശ്ശേരിമല, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, ഞൊണങ്ങാർ പാലം വരെയുള്ള ഭാഗങ്ങളാണ് വഴിതെളിക്കുന്നത്.
കാനനപാത തെളിയിക്കുന്നതിനായി ഇഡിസിയെയും അതാത് ഭാഗങ്ങളിൽ കച്ചവടം ചെയ്യുന്നവരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പരമ്പരാഗത കാനനപാത തെളിക്കുന്നത് എളുപ്പമല്ലെന്നും, കൂടുതൽ സുരക്ഷയൊരുക്കിവേണം തുറക്കേണ്ടതെന്നും എരുമേലി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയകുമാർ പറഞ്ഞു.
കാനനപാതയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഒരുക്കിയിട്ടുള്ള ഓക്സിജൻ പാർലർ, കുടിവെള്ളം, അന്നദാനം, ക്ലിനിക്കുകൾ, വെളിച്ചം എന്നിവയടക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുതൽ കോയിക്കക്കാവ് മുതൽ ഞൊണങ്ങാർ പാലം വരെയുള്ള 30 കിലോമീറ്ററോളം വരുന്ന പാത വെട്ടി തെളിക്കാൻ തുടങ്ങും.
മണ്ഡലപൂജ കഴിഞ്ഞ് ജനുവരി ഒന്നു മുതൽ ശബരിമല തീർഥാടകർക്കായി പരമ്പരാഗത കാനനപാത തുടർന്ന് കൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.ഇന്നലെ രാവിലെ ശബരിമലയ്ക്ക് എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാതയിൽ അയ്യപ്പന്മാരുടെ സംഘത്ത പോലീസും വനം വകുപ്പും തടഞ്ഞിരുന്നു. രാവിലെ എട്ടുമണിയോടെ കർണ്ണാടകയിൽ നിന്നുമെത്തിയ സംഘത്തെയാണ് കോയിക്കക്കാവിൽ തടഞ്ഞത്. 13 അംഗ സംഘമാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: