ന്യൂദല്‍ഹി: സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടിക്കൊണ്ടുള്ള കേന്ദ്ര നീക്കത്തിന്റെ സാധുത പരിശോധിക്കുന്ന യുഎപിഎ ട്രിബ്യൂണല്‍ ഐആര്‍എഫിന് ചൊവ്വാഴ്ച നോട്ടീസ് നല്കി.
നിയമവിരുദ്ധ പ്രവര്‍ത്തനനിരോധന നിയമപ്രകാരമാണ്(യുഎപിഎ) കേന്ദ്രം അഞ്ചുവര്‍ഷത്തേക്ക് നിയമവിരുദ്ധസംഘടനയെന്ന നിലയില്‍ സക്കീര്‍ നായിക്കിന്റെ ഐആര്‍എഫിനെ നിരോധിച്ചത്. യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനനിരോധന നിയമം) ട്രിബ്യൂണലിനെ നയിക്കുന്നത് ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേലാണ്. ട്രിബ്യൂണല്‍ ഐആര്എസിനോട് ഡിസംബര്‍ 28ന് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശവിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് പൊലീസ് കേസ് ഫയല്‍ ചെയ്തതോടെയാണ് വിവാദ ഇസ്ലാമിക പുരോഹിതനായ സക്കീര്‍ നായിക് 2016ല്‍ ഇന്ത്യ വിട്ട് മലേഷ്യയിലേക്ക് കടന്നത്. തന്റെ പ്രസംഗത്തിലൂടെ മതസമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്നു എന്ന പേരിലാണ് പൊലീസ് സക്കീര്‍ നായിക്കിനെതിരെ കേസെടുത്തത്.
നേരത്തെ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രം ഏഴംഗ നിയമസംഘത്തെ നിയോഗിച്ചിരുന്നു. ഏഴംഗ നിയമവിദഗ്ധരുടെ സംഘത്തെ നയിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സക്കീര്‍ നായിക്കിന്റെ സംഘടനയെ അഞ്ചുവര്‍ഷത്തേക്ക് നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ സച്ചിന് ദത്ത, രജത് നായര്‍, കനു അഗര്‍വാള്‍, അമിത് മഹാജന്, ജയ് പ്രകാശ്, ധ്രുവ് പാണ്ഡേ എന്നിവരായിരുന്നു ഈ കേന്ദ്ര നിയമവിദഗ്ധ സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഐആര്‍എഫിന്റെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു ഉത്തരവ് നവമ്പര്‍ 15ന് പുറപ്പെടുവിക്കുകയും ചെയ്തു.
ഇപ്പോള്‍ ഈ തീരുമാനത്തിന് അന്തിമ തീര്‍പ്പുകല്‍പ്പിക്കാനാണ് കേന്ദ്രം ജസ്റ്റിസ് പട്ടേല്‍ അധ്യക്ഷനായ യുഎപിഎ ട്രിബ്യൂണലിനെ നിയമിച്ചത്. ഐആര്‍എഫിനെ നിരോധിക്കാന്‍ മതിയായ കാരണമുണ്ടോ എന്നാണ് യുഎപിഎ ട്രിബ്യൂണല്‍ പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: