കുവൈത്ത് സിറ്റി: വിദേശപൗരന്മാര്ക്ക് കുവൈത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് കുവൈത്ത് അധികൃതര്‍.
താല്‍ക്കാലികമായി എല്ലാ വിദേശപൗരന്മാര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് കുവൈത്ത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തെറ്റാണെന്ന് കുവൈത്ത് അധികൃതര്‍ തന്നെ ചൊവ്വാഴ്ച വിശദീകരിക്കുകയായിരുന്നു.
വിദേശപൗരന്മാരുടെ ലൈസന്‍സ് പിന്‍വലിക്കാനോ അവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനോ ഉള്ള ഒരു വിജ്ഞാപനമോ ഉത്തരവോ സര്‍ക്കാര്‍ പുറപ്പെടുവിച്ചില്ലെന്നും കുവൈത്ത് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കുവൈത്ത് മന്ത്രാലയം വിശദീകരിച്ചു.
പഴയ ലൈസന്‍സിന് പകരം പുതിയ സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കാനുള്ള ഒരു നടപടിക്രമം ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശോധനയില്‍ ആര്‍ക്കെങ്കിലും അനധികൃതമാര്‍ഗ്ഗത്തിലൂടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതായി കണ്ടെത്തിയാല്‍ അത് പിന്‍വലിക്കുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ സെക്യൂരിറ്റി മീഡിയ വകുപ്പ് പറഞ്ഞു.
അടുത്ത മൂന്ന് മാസങ്ങളില്‍ വിദേശ പൗരന്മാരുടെ രണ്ടരലക്ഷത്തോളം ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇത് വിദേശ ഡ്രൈവര്‍മാര്‍ക്കിടയിലും അവരെ തൊഴിലിനായി ഉപയോഗിക്കുന്നവരുടെ ഇടയിലും ഭീതി പരത്തിയിരുന്നു. എന്നാല്‍ കുവൈത്ത് മന്ത്രാലയത്തിന്റെ വിശദീകരണമെത്തിയതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: