പരവൂര്‍: പൊഴിക്കര തെക്കുംഭാഗം കടല്‍ത്തീരത്ത് ഒറ്റയ്ക്ക് എത്തുന്നവരെ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തിയും കൈയിലുള്ളതെല്ലാം അപഹരിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന യുവതീ-യുവാക്കളും നവദമ്പതിമാരും വിദ്യാര്‍ഥികളുമാണ് മിക്കപ്പോഴും സംഘങ്ങളുടെ അതിക്രമത്തിന് ഇരകളാകുന്നത്.
ആഴ്ചകള്‍ക്ക് മുമ്പാണ് കാറില്‍ ആഹാരം കഴിക്കുകയായിരുന്ന അമ്മയെയും മകനെയും തെക്കുംഭാഗം കടപ്പുറത്ത് വച്ച് പ്രദേശവാസിയായ ആള് ആക്രമിച്ചത്. അതിന് ശേഷം കുറച്ചു നാള് പോലിസിന്റെ പെട്രോളിങ്ങ് സജീവമായിരുന്നപ്പോള്‍ അക്രമങ്ങള്‍ കുറഞ്ഞിരുന്നു. ഇപ്പോള്‍ പോലീസ് പരിശോധന കുറഞ്ഞതോടെ വീണ്ടും അക്രമി സംഘങ്ങള്‍ സജീവമായിരിക്കുകയാണ്.
നിരവധി യുവതീ-യുവാക്കളും വിദ്യാര്‍ഥികളും അക്രമികളുടെ കൈയ്യേറ്റത്തിനിരയായിട്ടുണ്ട്. നിരവധിപ്പേരുടെ സ്വര്‍ണാഭരണങ്ങളും വിലകൂടിയ മൊബൈല്‍ ഫോണുകളും മറ്റും ഈ സംഘം കൈക്കലാക്കി. എന്നാല്‍ ആരും പരാതി രേഖാമൂലം നല്കാന് തയ്യാറാകുന്നില്ലായെന്നതാണ് ഇക്കൂട്ടര്‍ക്ക് വീണ്ടും പ്രേരണയാകുന്നത്. വൈകുന്നേരങ്ങളില്‍ തീരത്ത് എത്തുന്ന അക്രമിസംഘങ്ങള്‍ പരസ്യമായാണ് മദ്യപാനം നടത്തുന്നതെന്ന് ഇവിടെ എത്തുന്നവര്‍ പറയുന്നു. കുട്ടികളെ അവധിക്കാലത്ത് കടലും തീരവും കാണിക്കാനെത്തുന്നവര്‍ അതിക്രമങ്ങള്‍ ഭയന്ന് തീരത്ത് വരാന്‍ മടിക്കുന്ന അവസ്ഥയുമുണ്ട്. അയിരൂര്‍, പരവൂര്‍ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറുന്നത്. പോലീസ് ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: