കുവൈത്ത് സിറ്റി: ക്രിസ്മസ് ട്രീ കുവൈത്തിന്റെ സംസ്കാരത്തിനും ശരീഅത്തിനും യോജിച്ചതല്ലെന്നാരോപിച്ച് ഷോപ്പിങ് മാളിലെ ക്രിസ്മസ് ട്രീ നീക്കം ചെയ്തു. കുവൈത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അവന്യൂസ് മാളില്‍ സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീയ്ക്കെതിരെ നിരവധി സ്വദേശികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നീക്കിയത്.
ക്രിസ്മസ് സീസണിനോടനുബന്ധിച്ചാണ് അവന്യൂസ് മാളില്‍ അടുത്തിടെയാണ് വലിയൊരു ക്രിസ്മസ് ട്രീ സ്ഥാപിച്ചത്. എന്നാല്‍ ഇത് ഇസ്ലാമിക നിയമങ്ങള്‍ക്കും കുവൈത്തിന്റെ സംസ്കാരങ്ങള്‍ക്കും ഇത് യോജിച്ചതല്ലെന്നാരോപിച്ച് സ്വദേശികള്‍ രംഗത്ത് എത്തുകയായിരുന്നു. ഇതോടെ അധികൃതര്‍ ക്രിസ്മസ് ട്രീ മാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കുവൈത്തി മാധ്യമമായ അല്‍ മജ്ലിസാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റില്‍ കുവൈത്തിലെ ഒരു ഷോപ്പിങ് മാളില്‍ സ്ഥാപിച്ചിരുന്ന പ്രതിമയെച്ചൊല്ലിയും പരാതി ഉയര്‍ന്നിരുന്നു. ഗ്രീക്ക് ഐതീഹ്യ പ്രകാരമുള്ള സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രൊഡൈറ്റിന്റെ പ്രതിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പരാതി ഉയരുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പ്രതിമയുടെ ചിത്രം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം അധികൃതര്‍ പ്രതിമ നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: