തൃശ്ശൂര്‍: ചേര്‍പ്പ് പാറക്കോവിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനെന്ന് തെളിഞ്ഞു. തൃശ്ശൂര്‍ റൂറല്‍ എസ്പി. ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസ്, ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു എന്നിവര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. ആദ്യം താനാണ് ഭര്‍ത്താവിനെ കൊന്നതെന്നാണ് ഭാര്യ രേഷമ പോലീസിനോട് പറഞ്ഞത്. പല തവണ മൊഴിമാറ്റിയെങ്കിലും സംശയം പുറത്തു കാണിക്കാതെ രേഷമയെ വിശ്വാസത്തിലെടുത്ത പോലെ പോലീസ് ഇവരെ പലവട്ടം ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവരുടെ സഹായിയേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദിച്ചതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
രേഷ്മയും ഭര്‍ത്താവും സ്ഥിരം വഴക്കിടുക പതിവായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ തന്നെ താമസിക്കുന്ന സഹായി ഭീരുവുമായി രേഷ്മ പ്രണയത്തിലായി. ഇരുവരും പദ്ധതിയിട്ട് പ്രകാരം കഴിഞ്ഞ ഞായറാഴ്ച രാത്രി കാമുകന് ഭീരു കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് മന്‍സൂറിനെ കൊലപ്പെടുത്തുകയും പിറ്റേന്ന് ഇരുവരും ചേര്‍ന്ന് രാത്രി തന്നെ താമസ സ്ഥലത്ത് കുഴിച്ച് മൂടുകയുമായിരുന്നു.
സ്ഥിരമായുള്ള കുടുംബ വഴക്കും പ്രണയവുമാണ് അതിഥി തൊഴിലാളിയുടെ കൊലപാതകത്തിന് കാരണമായത്. ചേര്‍പ്പില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കൊല്ലപ്പെട്ട മന്‍സൂറിന് സ്വര്‍ണ്ണ പണിയായിരുന്നു. നാട്ടിലെ സ്ഥല സംബന്ധമായുള്ള തര്‍ക്കത്തിന്റെ പേരു പറഞ്ഞും നിസാര കാര്യങ്ങള്‍ക്കും ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കുന്ന ശീലക്കാരനുമായിരുന്നു. ഇക്കാര്യങ്ങള്‍ സ്വര്‍ണ്ണ പണിക്ക് ഇവരുടെ സഹായി ആയി നിന്നിരുന്ന ഒന്നാം പ്രതി ഭീരുവുമായി രേഷ്മ പങ്കുവയ്ക്കുക പതിവായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള അടുപ്പത്തിന് കാരണമായി. രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഒരു വര്‍ഷം മുന്‍പ് തുടങ്ങി മന്‍സൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെയെങ്കിലും പോയി താമസിക്കുവാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ മക്കള്‍ ചേര്‍പ്പില്‍ തന്നെ പഠിച്ചിരുന്നതാണ് സംഭവങ്ങള്‍ കുറച്ചു കാലത്തേക്ക് നീട്ടി കൊണ്ടുപോയത്. താമസ സ്ഥലത്തോട് ചേര്‍ന്നു തന്നെ മൃതശരീരത്തിന്റെ സാന്നിധ്യം പ്രതികളുടെ മനസ്സിനെ ഉലച്ചു കളഞ്ഞതായി ചോദ്യം ചെയ്യലില്‍ ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ പരസ്പരം രക്ഷിക്കാന്‍ മൊഴികള്‍ പല തവണ മാറ്റി പറഞ്ഞ് രേഷ്മ കാമുകനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇരുവരേയും മാറ്റിയിരുത്തി ചോദ്യം ചെയ്തതോടെ പൊട്ടിക്കരഞ്ഞു കൊണ്ട് യഥാര്‍ത്ഥ സംഭവങ്ങള്‍ ഇരുവരും വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി മദ്യം വാങ്ങിയെത്തിയ ഭീരു കൂടുതല്‍ അളവില്‍ മന്‍സൂര്‍ മാലിക്കിന് മദ്യം കൊടുത്തു. മുകളിലെ മുറിയിലിരുന്നായിരുന്നു മദ്യപാനം. ഈ സമയം മന്‍സൂറിന്റെ ഭാര്യ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത് നേരത്തേ ഉറക്കാനുള്ള തിരക്കിലായിരുന്നു. മന്‍സൂര്‍ മദ്യ ലഹരിയില്‍ ഉറങ്ങാന്‍ കിടന്നതോടെ ഭീരു താഴേക്ക് ഇറങ്ങി വന്നു. പിന്നീട് മുകളിലെത്തിയ. രേഷ്മ ഭര്‍ത്താവ് ഗാഢനിദ്രയിലായതോടെ താഴെ എത്തി ഭീരുവിനോട് വിവരം പറഞ്ഞു. തുടര്‍ന്നാണ് നേരത്തേ കരുതി വച്ചിരുന്ന കമ്പിപ്പാരയുമായെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന മന്‍സൂറിന്റെ തലക്ക് അടിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ഇരുവരും കമ്പിളിയില്‍ പൊതിഞ്ഞ് കുളിമുറിയിലേക്ക് മൃതദേഹം മാറ്റി മുറിയടച്ചു. നേരം പുലരുമോ എന്ന ഭയത്താല്‍ മൃതദേഹം മറവു ചെയ്യുന്നത് തിങ്കളാഴ്ച രാത്രിയിലേക്ക് മാറ്റിവച്ചു. തിങ്കളാഴ്ച കുട്ടികള്‍ക്കും അയല്പക്കത്തുള്ളവര്ക്കും സംശയം ഇല്ലാത്ത രീതിയില്‍ പെരുമാറി. തിങ്കളാഴ്ച രാത്രിയോടെ വീടിന്റെ പുറകു വശത്ത് ചപ്പുചവറുകള്‍ കൂട്ടിയിടുന്നയിടത്ത് മണ്ണെടുത്ത് മൃതദേഹം കുഴിച്ചിട്ടു. ദിവസങ്ങള്‍ കഴിഞ്ഞതോടെ വീടിനടുത്തു തന്നെ മൃതദേഹത്തിന്റെ സാന്നിധ്യം കൊലയാളികളില്‍ അസ്വസ്ഥത ഉണ്ടാക്കി. ഇതിനെ തുടര്‍ന്ന് ഞായറാഴ്ച ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മയും കാമുകനും കൂടി ചേര്‍പ്പ് സ്റ്റേഷനിലെത്തി പരാതി നല്കി. സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഇവരുടെ സുഹൃത്ത് മന്‍സൂറിനെ അന്വേഷിച്ചെത്തി. എന്നാല്‍ ഇയാളോട് മന്‍സൂര്‍ നാട്ടില്‍ പോയെന്നാണ് രേഷ്മ പറഞ്ഞത്. പിന്നീട് പോലീസ് ചോദിച്ചപ്പോള്‍ കുറച്ചുനേരം പിടിച്ചു നിന്നെങ്കിലും ഭര്‍ത്താവുമായി വഴക്കിടുന്നതിനിടെ തന്നെ അടിക്കാന്‍ എടുത്ത കമ്പിപ്പാര പിടിച്ചു വാങ്ങി അടിച്ചപ്പോള്‍ ഭര്‍ത്താവ് മരിച്ചു എന്നാണ് പറഞ്ഞത്. എന്നാല്‍ ഇവരുടെ എല്ലാ മൊഴികളേയും പൊളിച്ചടക്കിയാണ് പോലീസ് യഥാര്‍ത്ഥ സംഭവം പുറത്തു കൊണ്ടുവന്നത്.
പപ്പ തല്ലുമെന്ന് പറഞ്ഞ് കുട്ടികളെ വിലക്കി
മുകള്‍ നിലയില്‍ കൊലപാതകം നടക്കുമ്പോള്‍ താഴെ കുട്ടികള്‍ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ പപ്പയെ അന്വേഷിച്ചപ്പോള്‍ പുലര്‍ച്ചെ കൂട്ടുകാരന്റെ ബൈക്കില്‍ കയറി നാട്ടില്‍ പോയന്ന് കുട്ടികളോട് പറഞ്ഞ രേഷ്മ പപ്പയുടെ മുറിയില്‍ പോയാല്‍ പപ്പ തല്ലുമെന്നു പറഞ്ഞ് ഭയപ്പെടുത്തി. സംഭവങ്ങള്‍ ഒന്നും അറിയാതെ നിഷ്ക്കളങ്കമായാണ് കുട്ടികള്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. അന്വേഷണ സംഘത്തില്‍ എസ്ഐ പി.ജി. അനൂപ്, പി. ജെ. ഫ്രാന്‍സിസ്, ടി. ജി. ദിലീപ്കുമാര്, കെ. കെ. ഉണ്ണികൃഷ്ണന്, എഎസ്ഐമാരായ വിനോദ്, കെ. എം . മുഹമ്മദ് അഷ്റഫ്, എം.സുമല്‍, രാജു കെ. പി, സീനിയര്‍ സിപിഒമാരായ സഫീര്‍ ബാബു, ഇ. എസ്. ജീവന്, സിപിഒമാരായ കെ. എസ്. ഉമേഷ്, പി.വി. വി കാസ്, പൊന്നമ്പിളി, സിന്ധു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: