എരുമേലി: എരുമേലി-പമ്പ പാതയിലെ അട്ടിവളവ് അപകട കേന്ദ്രമായിട്ട് നാളുകളായി. പാതയിലെ അപകട സാധ്യതകളെക്കുറിച്ച് അറിയാത്ത മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനങ്ങളാണ് ഏറിയ പങ്കും അപകടത്തില്‍പെടുന്നത്.
എരുത്വാപ്പുഴ മുതല്‍ കണമല വരയുള്ള രണ്ട് കിലോമീറ്ററോളം വരുന്ന കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. വലിയ വാഹനങ്ങള്‍ ഓടിയെത്തുന്ന വേഗതയില്‍ തന്നെ കുത്തനെയുള്ള ഇറക്കത്തിലൂടെ പോകുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.
മിക്കപ്പോഴും വളവുകള്‍ കാണുമ്പോള്‍ മാത്രമാണ് ഗിയര്‍ മാറ്റാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നത്. പെട്ടെന്ന് ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടും. പ്രദേശത്തെ അപകടം കുറയ്ക്കുന്നതിനായി ക്രാഷ് ബാരിയറുകളും ഹംബുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ക്രാഷ് ബാരിയറുകള്‍ തകര്‍ത്ത് വാഹനങ്ങള്‍ അപകടപ്പെടുന്നതും പതിവാണ്.
മുന്‍കാലങ്ങളില്‍ മാക്കല്‍പടി മുതല്‍ കണമല വരെയുള്ള സ്ഥലങ്ങളില്‍ മൂന്നോ നാലോ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.
ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതോടെ തിരക്ക് ഇനിയും വര്‍ധിക്കും. തിരക്ക് മുന്നില്‍കണ്ട് ഇത്തവണയും അപകട മേഖലകളില്‍ കൂടുതല്‍ പരിശോധന ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: