Categories: Business

സ്റ്റാര്‍ട്ടപ്പുകളെ വരൂ; കാര്‍ഷിക മേഖലയിലെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ വാങ്ങൂ

സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്ന കമ്പനികള്‍ക്ക് നിക്ഷേപകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല

Published by

കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പര്യപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമാക്കി അവതരിപ്പിച്ചതാണ് ഈ സ്‌കീം. അഗ്രിപ്രണേഴ്‌സിന് കാര്‍ഷിക സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിന് ഉത്തേജനം നല്‍കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്‌കീം ലക്ഷ്യങ്ങള്‍

അംഗീകൃത ബാങ്കുകളുമായി സംയോജിച്ചുകൊണ്ട് കാര്‍ഷിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വേ്ണ്ടിയുള്ള പദ്ധതി.കാര്‍ഷിക രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കാര്‍ഷിക ഉല്‍പ്പാദകരെ വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുവാന്‍ ഉതകുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നു. കാര്‍ഷിക സഹകരണ സംഘങ്ങളെയും കാര്‍ഷിക ബിരുദധാരികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍.

കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട് ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, പാര്‍ട്ണര്‍ഷിപ്പ് കമ്പനികള്‍, സ്വയംസഹായ ഗ്രൂപ്പുകള്‍, കമ്പനികള്‍, അഗ്രി എക്‌സ്‌പോര്‍ട്ട് യൂണിറ്റുകള്‍ എന്നിവക്കെല്ലാം അപേക്ഷിക്കാവുന്നതാണ്. കാര്‍ഷിക പ്രൊജക്റ്റുകള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, കോഴി, താറാവ് എന്നിവയുടെ വളര്‍ത്തലും പരിപാലനവും എന്നിവയെല്ലാം സ്‌കീമില്‍ ഉള്‍പ്പെടും. കുറഞ്ഞത് 15 ലക്ഷമെങ്കിലും പ്രൊജക്റ്റ് കോസ്റ്റ് ഉണ്ടായിരിക്കണം. പ്രൊജക്റ്റിന് മാര്‍ക്കറ്റില്‍ സാധ്യതയുണ്ട് എന്ന് തെളിയിക്കുന്ന ബിസിനസ് പ്ലാന്‍ നിര്‍ബന്ധം.

എത്ര തുക ലഭിക്കും?

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 40% മൂലധനം അല്ലെങ്കില്‍ 50 ലക്ഷം ഇതില്‍ ഏതാണോ കുറവ് ആ തുകക്ക് അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ 26% മൂലധനം അല്ലെങ്കില്‍ 50 ലക്ഷം ഇതില്‍ ഏതാണോ കുറവ് ആ തുകയ്‌ക്ക് അപേക്ഷിക്കാം. ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനി (എജഇ) ആണെങ്കില്‍ 40% മൂലധനം അല്ലെങ്കില്‍ 50 ലക്ഷം വരെ അപേക്ഷിക്കാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള സംരംഭങ്ങള്‍ക്കും പ്ലാനിംഗ് കമ്മീഷന്‍ പിന്നോക്കമെന്ന് പ്രഖ്യാപിച്ച മേഖലകളിലുള്ളവര്‍ക്കും പ്രത്യേക സാഹചര്യത്തില്‍ ബാങ്ക് കമ്മിറ്റി അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ തുക ലഭിക്കാം. സംരംഭ മൂലധനം 10 കോടിയില്‍ കൂടരുത്. ലഭിക്കുന്ന തുക പലിശ രഹിത വായ്പയാണ്, സബ്‌സിഡി അല്ല.

തിരിച്ചടവ് എപ്പോള്‍?

ബാങ്ക് ടേം ലോണിന്റെ അവസാനത്തെ ഷെഡൂള്‍ തിയതി കഴിഞ്ഞ ശേഷം തിരിച്ചടവ് തുടങ്ങാം. സംരംഭകര്‍ക്ക് കഴിയുമെങ്കില്‍ അതിനു മുന്‍പ് തിരിച്ചടവ് തുടങ്ങുന്നതിനും വിരോധമില്ല. ഇതെല്ലാം കൂടാതെ വിവിധ തരത്തിലുള്ള ബാങ്ക് ലോണുകള്‍ ഉണ്ടെങ്കിലും അവ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ കാണപ്പെടുന്നുണ്ട്. മുദ്ര ലോണില്‍ എല്ലാ കാര്യങ്ങളും 30 ദിവസത്തിനകം തീര്‍പ്പാക്കണം എന്ന് പറയുന്നുണ്ടെങ്കിലും മൂന്ന് മാസമായിട്ടും ലോണ്‍ ലഭിക്കാത്ത എത്രയോ സംരംഭകരുണ്ട്.

കേരള സര്‍ക്കാരിനു കീഴിലുള്ള കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ സംബന്ധിച്ച് നോക്കിയാല്‍ ഒരു പറുദീസയാണ്. 2019ല്‍ ദോഹയില്‍ വെച്ച് നടന്ന വേള്‍ഡ് ഇന്‍ക്യൂബേഷന്‍ സമ്മിറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും നല്ല ഇന്‍ക്യുബേഷന്‍ പ്രോഗ്രാം നടത്തുന്നതിനുള്ള അവാര്‍ഡ് സ്റ്റാര്‍ട്ടപ്പ് മിഷനാണ് ലഭിച്ചത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യമായ സഹായം സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്നോവേഷന്‍ ഗ്രാന്റ്. മൂന്ന് തരത്തിലുള്ള ഗ്രാന്റുകളാണ് സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ലഭിക്കുന്നത്. 1. ഐഡിയ ഡെവലെപ്‌മെന്റ് 2 ലക്ഷം രൂപ വരെ. 2. ഉല്‍പ്പാദന പ്രക്രിയ – 7 ലക്ഷം രൂപ വരെ. 3. സ്‌കെയില്‍ അപ്പ് – 12 ലക്ഷം രൂപ വരെ. ഗ്രാന്റായതു കൊണ്ട് തിരിച്ചടവിന്റെ ആവശ്യം ഇല്ല.

ആരൊക്കെ അര്‍ഹരാണ്?

കേരളത്തില്‍ സ്ഥിരതാമസമാക്കി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ (ഐഡിയ ഗ്രാന്റ് മാത്രം), പുതിയ ഐഡിയയുമായി വരുന്ന കേരളത്തില്‍ താമസിക്കുന്ന വ്യക്തികള്‍ (ഐഡിയ ഗ്രാന്റ് മാത്രം), കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂണിക് ഐഡി ലഭിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്കാണ് ഗ്രാന്റ് ലഭിക്കുക. പ്രോട്ടോടൈപ്പ് റെഡി ആയിട്ടുള്ള സ്റ്റാര്‍ട്ടപ്പ് അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഐഡിയ ഗ്രാന്റ് ലഭിക്കുക.

പരമാവധി രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വാലിഡേഷന്‍ കഴിഞ്ഞു പ്രൊഡക്ഷന്‍ സ്‌റ്റേജിലേക്ക് വരുന്നവര്‍ക്കാണ് രണ്ടാമത്തെ ഗ്രാന്‍ഡ് ലഭിക്കുക. പരമാവധി ഏഴു ലക്ഷം രൂപ വരെ ലഭിക്കും. അവസാനം വരുന്നതാണ് ഉല്‍പ്പന്നങ്ങള്‍. എല്ലാവിധത്തിലും മാര്‍ക്കറ്റില്‍ സജ്ജമായ ശേഷം ഉല്‍പ്പാദനം കൂട്ടുവാന്‍ വേണ്ടി നല്‍കുന്ന ഗ്രാന്റാണിത്. പരമാവധി പന്ത്രണ്ടു ലക്ഷം രൂപ വരെയാണ് ലഭിക്കുക.

മുകളില്‍ പറഞ്ഞിരിക്കുന്ന തുകകള്‍ ചെറുതായി തോന്നാം. പക്ഷെ, ഏറ്റവും വലിയ ഗുണം സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്ന കമ്പനികള്‍ക്ക് നിക്ഷേപകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല എന്നതാണ്. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

(ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കോച്ചാണ് ലേഖകന്‍ കല്യാണ്‍ജി.  സംരംഭകത്വ സംബന്ധമായ എന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ലേഖകനെ +919495854409 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാം.)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: krishi