രണ്ട് മാസത്തിനുള്ളില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്നാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകനെയും അരുംകൊല ചെയ്തിരിക്കുന്നു. ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രണ്‍ജീത് ശ്രീനിവാസിനെയാണ് ആലപ്പുഴ നഗരത്തിലെ വീട്ടില്‍ കയറി ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയത്. തൃശൂര്‍ ചാവക്കാട്ടെ ബിജു, പാലക്കാട് എലപ്പുള്ളിയിലെ സഞ്ജിത്ത് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പാണ് ഒരു നിരപരാധിയുടെ കൂടി ജീവനെടുത്തിരിക്കുന്നത്. ആലപ്പുഴ വയലാറില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണ എന്ന ഇരുപത്തി രണ്ടുകാരനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
പരിശീലനം ലഭിച്ച കൊലയാളികള്‍ പുലര്‍ച്ചെ വീടാക്രമിച്ചാണ് രണ്‍ജിത് ശ്രീനിവാസന്റെ ജീവനെടുത്തത്. സ്നേഹസമ്പന്നനും പൊതുസമ്മതനും പിന്നാക്ക വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന മികവുറ്റ നേതാവുമായ ഒരു ചെറുപ്പക്കാരനെയാണ് മതഭ്രാന്തുകൊണ്ട് അന്ധരായ അക്രമികള്‍ ഇല്ലാതാക്കിയത്. ഉയര്‍ന്നുവരുന്ന നേതാവെന്ന നിലയില്‍ രണ്‍ജീത്തിനെ വകവരുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നേരത്തേ ലക്ഷ്യമിട്ടിരുന്നു എന്നുവേണം കൊലനടത്തിയ രീതിയില്‍നിന്നും, അതിന് തെരഞ്ഞെടുത്ത സമയത്തില്‍നിന്നും മനസ്സിലാക്കാന്‍. പോലീസിന്റെ ഒത്താശ ഈ അരുംകൊലയ്ക്ക് ലഭിച്ചതായുള്ള വിമര്‍ശനം തള്ളിക്കളയാനാവില്ല.
തൊടുപുഴയില്‍ മതനിന്ദ ആരോപിച്ച് ടി.ജെ. ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈവെട്ടിയെറിഞ്ഞവരുടെ സംഘടനയാണ് രണ്‍ജീത്തിന്റെ ജീവനെടുത്തത്. മതഭ്രാന്ത് പ്രത്യയശാസ്ത്രമാക്കിയ ഇക്കൂട്ടര്‍ കലാപത്തിന് ശ്രമിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓരോ പ്രവൃത്തിയും ഈ ലക്ഷ്യം വച്ചുള്ളതാണ്. അന്യമത വിദ്വേഷത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് സംഘടനാപരമായി വളരാന്‍ കഴിയൂ എന്നു വിശ്വസിക്കുന്ന ഇക്കൂട്ടര്‍ എല്ലാ പ്രശ്നങ്ങളും വര്ഗീയവല്ക്കരിക്കുന്നു.
കേരളത്തില്‍ എങ്ങനെയും സ്വാധീനം ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണിവര്‍. പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വിധ്വംസക അജണ്ടയ്ക്ക് കരുത്തു പകരുന്ന നയമാണ് സിപിഎമ്മിനും ഇടതുമുന്നണിക്കുമുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ചയ്ക്ക് ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ലഭിച്ചതായി സിപിഎം വിലയിരുത്തുന്നു. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോപ്പുലര്‍ ഫ്രണ്ടുകാരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പിന്തുണയെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ട് തുറന്നു പറയുമ്പോള്‍ സിപിഎം അത് മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ഇരുവരും ഒരുമിച്ചു പൊരുതിയ കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍മിപ്പിക്കുകയുണ്ടായി. പ്രാദേശികതലത്തില്‍ പകല്‍ പാര്‍ട്ടി നേതാക്കളായി നടക്കുന്ന പലരും രാത്രിയായാല്‍ ജിഹാദികളാണ്. പൊരുത്തക്കേടിന്റെ പ്രശ്നങ്ങളൊന്നും ഇവരെ അലട്ടുന്നില്ല.
പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കുന്നതുകൊണ്ടാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇവരുടെ ശത്രുക്കളാകുന്നത്. തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമാണെന്ന് മനസ്സിലാക്കിയാണ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കുനേരെ ഇവര്‍ എതിര്‍പ്പിന്റെ കുന്തമുന തിരിച്ചുപിടിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ സിപിഎമ്മിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന പോലീസ് ഇപ്പോള്‍ ഈ സംരക്ഷണം പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കും നല്‍കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങളില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് താല്‍പ്പര്യം കാണിക്കാത്തത് സര്‍ക്കാരിന്റെ നിര്‍ദേശമുള്ളതുകൊണ്ടാണ്. തങ്ങള്‍ ആസൂത്രിതമായി നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നല്കുന്ന വ്യാഖ്യാനമാണ് പോലീസ് ആവര്‍ത്തിക്കുന്നത്. പോലീസില്‍ത്തന്നെ ഒരു വിഭാഗം, ഇസ്ലാമിക തീവ്രവാദികളെ സഹായിക്കാന്‍ സന്നദ്ധരാവുന്നു. പല കേസുകളിലും പ്രതികളാക്കാതെ തീവ്രവാദികളെ രക്ഷിക്കുന്നതിന് പോലീസിലെ ചിലരുടെ ഒത്താശ ലഭിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. തുച്ഛമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്ന സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നയം കേരളത്തെ ചോരക്കളമാക്കി മാറ്റുകയാണ്. ഇതിനു തെളിവാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തുന്ന തുടര്‍ച്ചയായ കൊലപാതകങ്ങള്‍. ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് ബാധ്യതയുണ്ട്. മതഭ്രാന്ത് തലയ്ക്കുപിടിച്ച മനുഷ്യവിദ്വേഷികളെ നിലയ്ക്കുനിര്‍ത്താനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് പോലീസ് ഒഴിഞ്ഞുമാറുന്നത് അപകടകരവും അപലപനീയവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: