അഡ്ലെയ്ഡ്: പിങ്ക് ടെസ്റ്റുകളില്‍ പെര്‍ഫക്ട് റിക്കാര്‍ഡ് നിലനിര്‍ത്തി ഓസ്ട്രേലിയ. ആഷസ് പരമ്പരയില്‍ പകലും രാത്രിയുമായി നടന്ന രണ്ടാം ടെസ്റ്റില്‍ 275 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. പിങ്കു ടെസ്റ്റുകളില്‍ ഓസ്ട്രേലിയയുടെ ഒമ്പതാം വിജയമാണിത്. നേരത്തെ കളിച്ച എട്ട് ടെസ്റ്റുകളിലും അവര്‍ വിജയം നേടിയിരുന്നു.
468 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അവസാന ദിനത്തില്‍ 21 ഓവര്‍ ശേഷിക്കെ 192 റണ്‍സിന് ഓള് ഔട്ടായി. നാലു വിക്കറ്റിന് 84 റണ്‍സ് എന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഇന്നലെ 108 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറു വിക്കറ്റും നഷ്ടമായി. സ്കോര്‍: ഓസ്ട്രേലിയ 473, 230. ഇംഗ്ലണ്ട് 236, 192.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജെ റിച്ചാര്‍ഡ്സണാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0 ന് മുന്നിലായി. രാവിലെ ആദ്യ സെഷനില്‍ ഒലി പോപ്പ് പുറത്തായശേഷം ക്രീസിലെത്തിയ ജോസ് ബട്ലര് ടെസ്റ്റ് സമനിലയിലാക്കന് ഭഗീരഥ പ്രയ്തനം നടത്തി. ഓസീസിന്റെ സ്പിന്‍ – പേസ് ആക്രമത്തിന് പിടികൊടുക്കാതെ ക്രീസില്‍ ഉറച്ചു നിന്നു പൊരുതി. ഒടുവില്‍ ബാറ്റു വിക്കറ്റില്‍ തട്ടി നിര്‍ഭാഗ്യകരമായാണ് ബട്ലര് പുറത്തായത്. 258 മിനിറ്റ് ക്രീസില്‍ നിന്ന ബട്ലര് 207 പന്ത് നേരിട്ടു. രണ്ട് ബൗണ്ടറിയടക്കം 26 റണ്‍സും നേടി. ഒമ്പതാമനായാണ് ബട്ലര് പുറത്തായത്. ബട്ലര് വീണതിന് പിന്നാലെ ഇംഗ്ലണ്ട് പരാജയം രുചിച്ചു.
44 റണ്‍സ് എടുത്ത ക്രിസ് വോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍. 97 പന്ത് നേരിട്ട വോക്സ് ഏഴു ബൗണ്ടറിയടിച്ചു. സ്റ്റുവര്‍ട്ട് ബ്രോഡ് ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസ് പേസര്‍ ജെ റിച്ചാര്‍ഡ്സണാണ് ഇംഗ്ലീഷ് ബാറ്റിങ്നിര തകര്‍ത്തത്. 42 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് 43 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. സ്പിന്നര്‍ ലിയോന്‍ 55 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടുകയും (103) രണ്ടാം ഇന്നിങ്സില്‍ അര്‍ധ ശതകം കുറിക്കുകയും (51) ചെയ്ത ഓസീസ് ബാറ്റ്സ്മാന് മാര്‍നസ് ലാബുഷെയ്നാണ് കളിയിലെ കേമന്‍. ബ്രിസ്ബേനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. മൂന്നാം ടെസ്റ്റ് മെല്‍ബണില്‍ ഞായറാഴ്ച ആരംഭിക്കും. നിലവില്‍ ആഷസ് ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് മൂന്നാം ടെസ്റ്റില്‍ സമനില പിടിച്ചാല്‍ പരമ്പര സ്വന്തമാക്കാം. 2-0 ന് പിന്നില്‍ നിന്നശേഷം ആഷസ് പരമ്പര നേടിയ ഒരു ടീമേയുള്ളൂ. 1936-37 സീസണില്‍ ഡോണ്‍ ബ്രാഡ്മാന്റെ ഓസ്ട്രേലിയ 0-2 ന് പിന്നില്‍ നിന്നശേഷം പൊരുതിക്കയറി പരമ്പര സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: