ആലപ്പുഴ: കേരളത്തില്‍ ക്രമസമാധാനം പാടേ തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി. എസ്ഡിപിഐക്കാര് വധിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടിനകത്തുകയറി മകളുടെയും അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് വെട്ടിക്കൊന്ന പൈശാചികത നീതീകരിക്കാവുന്നതല്ല.
കേരള സര്‍ക്കാരിന്റെ നിഷ്ക്രിയതാണ് കൊലയാളികള്‍ക്ക് വളമാകുന്നത്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് അധികാരികളുടെ മൂക്കിനുതാഴെയാണ് അക്രമം നടന്നതെന്നത് അക്രമത്തിന്റെ ഭീകരതയും പ്രതികളുടെ ഭരണസ്വാധീനവും വ്യക്തമാക്കുന്നു. നന്ദുകൃഷ്ണയും സന്ദീപും ബിജുവും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെയാണ് ബിജെപിക്ക് നഷ്ടമായത്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പ്രവര്‍ത്തകരെ ഇല്ലാതാക്കുന്നത് ജനാധിപത്യപരമല്ല.
അതത് സര്‍ക്കാരിന്റെ നിര്‍ദ്ദേശവും നിയമവുമാണ് പോലീസ് നടപ്പാക്കുന്നത്. കേസില്‍ സത്യസന്ധമായ അന്വേഷണം കൊണ്ടുവരണം. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. എന്തൊക്കെ അതിക്രമങ്ങള്‍ ഉണ്ടായാലും ദേശഭക്തി മുറുകെപിടിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: