മുംബൈ: റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ ക്ലാസിക് 350 ബൈക്കുകള്‍ തിരിച്ച് വിളിക്കുന്നു. ബ്രേക്ക് സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ക്കായി തിരിച്ചു വിളിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. പുതിയ ക്ലാസിക് 350യുടെ 26,300 ബൈക്കുകളാണ് തിരിച്ചു വിളിക്കുന്നത്.
ബൈക്കിന്റെ സ്വിങ്ങ് ആമിനോട് ചേര്‍ന്ന് നല്‍കിയിട്ടുള്ള ബ്രേക്ക് റിയാക്ഷന് ബ്രാക്കറ്റിനാണ് തകരാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അതിനാല്‍2021 സെപ്റ്റംബര്‍ ഒന്നിനും ഡിസംബര്‍ അഞ്ചിനുമിടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഈ കാലയളവില്‍ നിര്‍മ്മിച്ച ബൈക്കുകള്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ എത്തിക്കണമെന്നാണ് കമ്പനി അറിയിച്ചത്. സിംഗിള്‍ ചാനല്‍ എബിഎസ് മോഡലില്‍ മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നം കണ്ടെത്തിയത്. അതിനാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ ബൈക്കുകള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്.
2021ല്‍ വിപണിയിലെത്തിയ ക്ലാസിക് 350യുടെ സിംഗിള്‍ ചാനല്‍ എബിഎസ് മോഡലിന് പിന്നിലെ ഡ്രെം ബ്രേക്കിലാണ് ഈ സംവിധാനം നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന് ബ്രേക്ക് ലോഡ് നല്കുമ്പോള് ബ്രാക്കറ്റിന് കേടുപാടുകള്‍ സംഭവിക്കുകയും, വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാക്കുകയും, ബ്രേക്ക് കുറയുകയും ചെയ്തേക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ കണ്ടെത്തിയത്. 1.84 ലക്ഷം മുതല്‍ 2.14 ലക്ഷം വരെയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ എക്സ് ഷോറൂം വില. യുഎസ്ബി ചാര്‍ജര്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ടെയില്‍ലൈറ്റ്, പുതുക്കിയ എക്സ്ഹോസ്റ്റ് പൈപ്പ്, 13 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്ക്, കൂടുതല്‍ സുഖപ്രദമായ സവാരികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സീറ്റുകള്‍ എന്നിവയാണ് ക്ലാസിക് 350യുടെ ചില സവിശേഷതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: